മധ്യപ്രദേശിൽ തപാൽ ബാലറ്റ് വിവാദം
Wednesday, November 29, 2023 2:03 AM IST
ന്യൂഡൽഹി: മധ്യപ്രദേശിൽ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന തപാൽ ബാലറ്റുകളെടുത്തു ക്രമക്കേട് നടത്തിയെന്ന് ആരോപണം.
ബാലാഘട്ട് നിയമസഭാ മണ്ഡലത്തിലെ 3,259 തപാൽ ബാലറ്റുകൾ വോട്ടെണ്ണലിന് ദിവസങ്ങൾക്കുമുന്പേ ട്രഷറിയിലെ സ്ട്രോംഗ് റൂമിൽനിന്നു പുറത്തെടുത്ത് തരംതിരിച്ച ബാലാഘട്ട് ജില്ലാ കളക്ടർക്കെതിരേ നടപടി ആവശ്യപ്പെട്ടു സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കോണ്ഗ്രസ് പരാതി നൽകി.
ഇതേത്തുടർന്ന് നോഡൽ ഓഫീസർ ഹിമ്മത് സിംഗിനെ ഡിവിഷണൽ കമ്മീഷണർ ഇന്നലെ സസ്പെൻഡ് ചെയ്തു.
സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന ബാലറ്റ് പേപ്പറുകൾ പുറത്തെടുക്കുന്നതിന്റെയും ഏതാനും പേർ തരംതിരിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണു സംഭവം വിവാദമായത്.
ട്രഷറി മുറിയിൽനിന്നു പോസ്റ്റൽ ബാലറ്റുകൾ എടുത്ത് തങ്ങൾക്കിഷ്ടമുള്ള ജീവനക്കാർക്കു കൈമാറിയെന്ന് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.പി. ധനോപിയ പരാതിയിൽ ആരോപിച്ചു. തപാൽ ബാലറ്റുകളുടെ വിശുദ്ധി സംശയത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ചീഫ് ഇലക്ടറൽ ഓഫീസർ അനുപം രാജൻ ആരോപണങ്ങൾ നിഷേധിച്ചു. കോണ്ഗ്രസ്, ബിജെപി അടക്കമുള്ള പാർട്ടികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണു തപാൽ ബാലറ്റുകൾ വേർതിരിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ 17നായിരുന്നു മധ്യപ്രദേശിൽ വോട്ടെടുപ്പ് നടന്നത്.