ഉത്തരാഖണ്ഡ് തുരങ്ക ദുരന്തം: രക്ഷാദൗത്യം പുരോഗമിക്കുന്നു
സ്വന്തം ലേഖകൻ
Tuesday, November 28, 2023 1:46 AM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. തൊഴിലാളികളെ പുറത്തെത്തിക്കുന്നതിന് തുരങ്കത്തിനുള്ളിൽ യന്ത്രസഹായം ഇല്ലാതെയുള്ള ഡ്രില്ലിംഗ് ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായെന്നു ദേശീയ ദുരന്ത പ്രതികരണ സേനാംഗം ലഫ്. ജനറൽ (റിട്ട.) സെയ്ദ് അതാ ഹസ്നൈൻ പറഞ്ഞു. ആറു പേരടങ്ങുന്ന സംഘമാണ് മാനുവൽ ഡ്രില്ലിംഗ് നടത്തുന്നത്. ഇവർ മൂന്നു ഗ്രൂപ്പായാണ് പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
മാനുവൽ ഡ്രില്ലിംഗിലൂടെ തുരങ്കത്തിൽ തകർന്നുവീണ അവശിഷ്ടങ്ങൾ പുറത്തെത്തിക്കും. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ഓഗർ മെഷീന്റെ മുറിഞ്ഞുപോയ ബ്ലേഡുകൾ മുഴുവനായും നീക്കം ചെയ്തു. പ്രദേശത്തു കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
തിരശ്ചീനമായി തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മുകളിൽനിന്നു താഴോട്ടുള്ള തുരക്കലും പുരോഗമിക്കുന്നുണ്ടെന്ന് മൈക്രോ ടണലിംഗ് വിദഗ്ധൻ ക്രിസ് കൂപ്പർ പറഞ്ഞു. ഇതേ വേഗതയിലാണ് തുരക്കൽ പുരോഗമിക്കുന്നതെങ്കിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തൊഴിലാളികളെ രക്ഷിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുകളിൽനിന്നുള്ള തുരക്കൽ പൂർത്തിയായാൽ ഇതുവഴി സ്റ്റീൽ പൈപ്പ് ഇറക്കും. തുടർന്ന് ബക്കറ്റുകൾ ഇറക്കി അതിൽ കയറ്റി “എയർ ലിഫ്റ്റ്’’ ചെയ്താണു തൊഴിലാളികളെ പുറത്തെത്തിക്കുക. പ്രദേശത്തെ ഭൂപ്രകൃതിയാണു ഡ്രില്ലിംഗിന്റെ സമയദൈർഘ്യം നിർണയിക്കുകയെന്നും ക്രിസ് കൂപ്പർ വ്യക്തമാക്കി.
അമേരിക്കൻ നിർമിത ഓഗർ മെഷീൻ ഉപയോഗിച്ചായിരുന്നു നേരത്തേ ഡ്രില്ലിംഗ് നടത്തിയത്. എന്നാൽ ഈ മെഷീൻ തകരാറിലായതോടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. ഇതോടെയാണ് മുകളിൽനിന്നു തുരന്ന് രക്ഷാപ്രവർത്തനം നടത്താനുള്ള ശ്രമം ആരംഭിച്ചത്.
വശത്തുകൂടിയുള്ള ഡ്രില്ലിംഗും ഇതിനൊപ്പം നടത്തും. മുകളിൽനിന്നുള്ള തുരക്കലിന് നിലവിൽ തടസമില്ലെങ്കിലും മുന്നോട്ടുപോകുന്തോറും എന്തെങ്കിലും തടസം നേരിട്ടാൽ “പ്ലാൻ ബി’’ എന്ന നിലയിലാണ് വശത്തുനിന്നുള്ള ഡ്രില്ലിംഗും നടത്തുന്നത്. പൈപ്പുകളുടെ അവശിഷ്ടം നീക്കം ചെയ്താലുടൻ രക്ഷാപ്രവർത്തകർ പണിയായുധങ്ങൾ ഉപയോഗിച്ച് വശത്തുനിന്ന് തുരക്കുന്ന പ്രവൃത്തി ആരംഭിക്കും. സൈന്യമാണ് ഇതിനു മേൽനോട്ടം വഹിക്കുക. തായ്ലൻഡ്, നോർവെ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായുണ്ട്.
ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമാണത്തിലിരുന്ന തുരങ്കം ഈ മാസം 12 ന് പുലർച്ചെ 5.30നാണ് തകന്നത്. ഉത്തരാഖണ്ഡിലെ തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിക്കുന്ന ചാർധാം റോഡ് പദ്ധതിയുടെ ഭാഗമാണു തുരങ്കം.