തെലുങ്കാനയിൽ മാറ്റത്തിന്റെ കാറ്റ് പ്രകടമെന്നു പ്രധാനമന്ത്രി
Tuesday, November 28, 2023 1:46 AM IST
കരിംനഗർ (തെലുങ്കാന): തെലുങ്കാനയിൽ മാറ്റത്തിന്റെ കാറ്റ് പ്രകടമാണെന്നും സംസ്ഥാനത്തിന്റെ വികസനത്തിൽ അടുത്ത അഞ്ചു വർഷം അതിനിർണായകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യമായി തെലുങ്കാനയിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
ഹുസൂറാബാദ് ഉപതെരഞ്ഞെടുപ്പിൽ ബിആർഎസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ ട്രെയിലർ ആയിരുന്നുവെന്നും പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കരിംനഗറിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. 2024 ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ബിജെപി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നതിനാൽ തെലുങ്കാനയിൽ ബിജെപി വിജയിക്കേണ്ടത് പരമപ്രധാനമാണ്. കേന്ദ്രത്തിലും സംസ്ഥാനത്തിലും ബിജെപി അധികാരത്തിലെത്തുന്നതോടെ സംസ്ഥാനത്തിന് ഇരട്ട എൻജിൻ സർക്കാരിനെ ലഭിക്കും.
കോൺഗ്രസും ബിആർഎസും കുടുംബാധിപത്യപാർട്ടികളാണെന്നു കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി കരിംനഗർ നഗരം ലണ്ടൻ ആക്കുമെന്ന ചന്ദ്രശേഖർ റാവുവിന്റെ വാഗ്ദാനത്തിന് എന്തുസംഭവിച്ചുവെന്നും ചോദിച്ചു.