900 പെണ് ഭ്രൂണഹത്യ നടത്തിയ ഡോക്ടർ അറസ്റ്റിൽ
Tuesday, November 28, 2023 1:46 AM IST
ബംഗളൂരു: 900 അനധികൃത ഗർഭഛിദ്രങ്ങൾ നടത്തിയ ഡോക്ടറെയും ലാബ് ടെക്നീഷനെയും ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഡോ. ചന്ദൻ ബല്ലാൽ, ലാബ് ടെക്നീഷ്യൻ നിസാർ എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രി മാനേജർ മീന, റിസപ്ഷനിസ്റ്റ് റിസ്മ ഖാൻ എന്നിവരെ ഈ മാസം ആദ്യം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ 900ഓളം ഗർഭഛിദ്രങ്ങൾ ഇവർ നടത്തിയതായി പോലീസ് പറഞ്ഞു.
ഗർഭഛിദ്രം നടത്താൻ 30,000 രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്. കഴിഞ്ഞ മാസം മാണ്ഡ്യയിൽ വച്ച് ഗർഭിണിയെ ഗർഭഛിദ്രത്തിനായി കാറിൽ കൊണ്ടുപോകുന്നതിനിടെ രണ്ടു പേർ അറസ്റ്റിലായതോടെയാണ് ലിംഗനിർണയ-പെണ് ഭ്രൂണഹത്യ റാക്കറ്റിനെക്കുറിച്ച് പോലീസിനു വിവരം ലഭിക്കുന്നത്. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് മാണ്ഡ്യയിലെ ഒരു ശർക്കര യൂണിന്റെ മറവിൽ പ്രവർത്തിക്കുന്ന അൾട്രാസൗണ്ട് സ്കാൻ സെന്റർ കണ്ടെത്തിയത്.
ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സെന്ററിൽനിന്നു സ്കാൻ മെഷീൻ അടക്കം പോലീസ് പിടിച്ചെടുത്തു. റാക്കറ്റുമായി ബന്ധമുള്ള മറ്റ് പ്രതികളെ പിടികൂടാൻ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.