ഗൾഫ് രാജ്യങ്ങൾക്കു ശല്യമായി പാക് യാചകരും പോക്കറ്റടിക്കാരും
Monday, October 2, 2023 4:23 AM IST
ന്യൂഡല്‍ഹി: ഗൾഫ് രാജ്യങ്ങളിൽനിന്നു പിടിയിലാകുന്ന യാചകരിൽ 90 ശതമാനവും പാക്കിസ്ഥാൻകാരാണെന്നു റിപ്പോർട്ട്. പ്രവാസി പാക്കിസ്ഥാനികൾക്കായുള്ള സെനറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി മുന്‍പാകെ പ്രവാസികാര്യ മന്ത്രാലയം സെക്രട്ടറി സുൽഫിക്കർ ഹൈദരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാക്കിലെയും ഇറാനിലെയും സൗദി അറേബ്യയിലേയുമൊക്കെ ജയിലുകളിൽ നിരവധി പാക്കിസ്ഥാൻ യാചകരാണു കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മെക്ക ഗ്രാൻഡ് മോസ്ക് പരിസരത്തുനിന്ന് പിടിയിലാകുന്ന പോക്കറ്റടിക്കാരിൽ ഭൂരിഭാഗവും പാക്കിസ്ഥാനികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനി യാചകരാൽ തങ്ങളുടെ ജയിലുകൾ നിറഞ്ഞുകവിയുകയാണെന്ന് സൗദിയും ഇറാക്കും ആരോപിക്കുന്നുണ്ടെന്നും രാജ്യത്തിനിത് അങ്ങേയറ്റം നാണക്കേടാണെന്നും സുൾഫിക്കർ ഹൈദർ പറഞ്ഞു.
ഹജ്ജ്, ഉംറ തീർഥാടനത്തിനെന്ന വ്യാജേനയാണു പാക്കിസ്ഥാനി യാചകരും പോക്കറ്റടിക്കാരുമെല്ലാം സൗദിയിലെത്തുന്നത്. അവിടെനിന്ന് മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് അനധികൃതമായി കടക്കുന്നു. വിലക്കയറ്റം പാക്കിസ്ഥാൻ ജനതയെ വലിയ ദുരിതത്തിലാണ് എത്തിച്ചിരിക്കുന്നത്. രാജ്യത്തെ 39.4 ശതമാനം പേർ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്നാണു ലോകബാങ്ക് റിപ്പോർട്ടിലുള്ളത്.
16 യാചകർ പിടിയിൽ
ഉംറ തീർഥാടനത്തിനെന്ന വ്യാജേന പഞ്ചാബ് പ്രവിശ്യയിലെ മുൾട്ടാനിൽനിന്നു സൗദിയിലേക്കുള്ള വിമാനത്തിൽ പുറപ്പെടാൻ തയാറെടുത്ത 16 യാചകരെ രണ്ടു ദിവസം മുന്‍പ് പാക് ഫെഡറൽ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. 11 സ്ത്രീകളും നാലു പുരുഷന്മാരും ഒരു കുട്ടിയുമടങ്ങുന്ന സംഘമാണു പിടിയിലായത്.