വിമാനയാത്രയ്ക്കിടെ കുഞ്ഞിന് ശ്വാസതടസം; രക്ഷകരായി സഹയാത്രികരായ ഡോക്ടർമാർ
സ്വന്തം ലേഖകൻ
Monday, October 2, 2023 4:23 AM IST
ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിന് രക്ഷയായത് സഹയാത്രികരായ ഡോക്ടർമാർ. ജന്മനാ ഹൃദ്രോഗ ബാധിതനായ കുഞ്ഞിന് റാഞ്ചി-ഡൽഹി വിമാനയാത്രയ്ക്കിടെയാണ് ഗുരുതരമായ ശ്വാസതടസം അനുഭവപ്പെട്ടത്. ഐഎഎസ് ഓഫീസറും ഡോക്ടറുമായ നിതിൻ കുൽക്കർണിയും റാഞ്ചി സദർ ഹോസ്പിറ്റലിലെ ഡോ. മൊസാമിൽ ഫിറോസും ചേർന്നാണ് ആറു മാസം മാത്രം പ്രായമായ കുട്ടിയെ രക്ഷിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.
അടിയന്തര വൈദ്യസഹായമായി ഓക്സിജനും അവശ്യമരുന്നുകളും നൽകാനായത് കുട്ടിയുടെ ജീവന് രക്ഷയായി. വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ ഡൽഹി വിമാനത്താവളത്തിലെ മെഡിക്കൽ സംഘം കുഞ്ഞിന് ഓക്സിജൻ സപ്പോർട്ട് നൽകി. കുഞ്ഞിന്റെ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് കൊണ്ടുപോകുകയായിരുന്നു മാതാപിതാക്കൾ.
ശനിയാഴ്ച റാഞ്ചിയിൽനിന്നു വിമാനം പറന്നുയർന്ന് 20 മിനിറ്റുകൾ പിന്നിട്ടപ്പോൾ വൈദ്യസഹായം ആവശ്യപ്പെട്ട് എയർ ക്രൂ അടിയന്തര അറിയിപ്പ് നൽകി. ഇതെത്തുടർന്നാണ് സഹയാത്രികരായ ഡോ. കുൽക്കർണിയും റാഞ്ചിയിലെ ഡോ. മൊസാമിൽ ഫിറോസും കുട്ടിയെ രക്ഷിക്കാൻ മുന്നോട്ടുവന്നത്.
കുഞ്ഞിന് ശ്വാസം മുട്ടുന്നതിനാൽ അമ്മ കരയുകയായിരുന്നെന്നും ഇതു കണ്ടാണ് താനും ഡോ. മൊസാമിലും കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തതെന്നും ഡോ. നിതിൻ കുൽക്കർണി പറഞ്ഞു. ബേബി മാസ്കോ ക്യാനുലയോ ലഭ്യമല്ലാത്തതിനാൽ മുതിർന്നവരുടെ മാസ്ക് വഴിയാണ് കുട്ടിക്ക് ഓക്സിജൻ നൽകിയത്. മെഡിക്കൽ രേഖകൾ പരിശോധിച്ചപ്പോൾ കുഞ്ഞിന് ജന്മനായുള്ള ഹൃദ്രോഗം - പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് (പിഡിഎ) ബാധിച്ചിട്ടുള്ളതായി മനസിലാക്കാൻ സാധിച്ചതായും ഡോ. കുൽക്കർണി വ്യക്തമാക്കി.
വിമാനത്തിലെ മരുന്നുകിറ്റിൽ നിന്നാണ് കുട്ടിക്ക് തിയോഫിലിൻ കുത്തിവയ്പ് നൽകിയതെന്നും മാതാപിതാക്കൾ ഡെക്സോണ എന്ന കുത്തിവയ്പ് കുഞ്ഞിന് നേരത്തേയെടുത്തത് സഹായമായെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ 20 മിനിറ്റ് വളരെ നിർണായകവും സമ്മർദം നിറഞ്ഞതുമായിരുന്നുവെന്നും ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് കുട്ടിയെ രക്ഷിക്കാനായതെന്നും ഡോ. കുൽക്കർണി പറഞ്ഞു. കുട്ടിയെ രക്ഷിച്ച ഡോക്ടർമാർ ദൈവമയച്ച മാലാഖമാരെന്നാണു സഹയാത്രികരിൽ ഒരാൾ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.