കാനഡ തീവ്രവാദികൾക്കു സുരക്ഷിത താവളം: ജയശങ്കർ
Saturday, September 30, 2023 1:28 AM IST
ന്യൂഡൽഹി: കാനഡയ്ക്കെതിരേ വീണ്ടും രൂക്ഷവിമർശനമുയർത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കാനഡ തീവ്രവാദികൾക്കു സുരക്ഷിത താവളമാണെന്നും ഇക്കാര്യത്തിലുള്ള ആശങ്ക അമേരിക്കയെ അറിയിച്ചുവെന്നും ജയശങ്കർ വ്യക്തമാക്കി. വാഷിംട്ണ്‍ ഡിസിയിൽ നടന്ന സംവാദത്തിലാണ് ജയശങ്കർ ഇക്കാര്യം അറിയിച്ചത്.
കനേഡിയൻ പ്രധാന മന്ത്രി ചില ആരോപണങ്ങൾ ഉന്നയിച്ചു. തുടക്കത്തിൽ സ്വകാര്യമായും പിന്നീട് പരസ്യമായും ആയിരുന്നു അത്. ആരോപണങ്ങൾ ഞങ്ങളുടെ നയവുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. ഭീകർക്കും തീവ്രവാദികൾക്കും സുരക്ഷിത താവളമായി കാനഡ മാറി.
കനേഡിയൻ രാഷ്ട്രീയത്തിന്റെ സമ്മർദം മൂലമാണ് തീവ്രവാദികൾക്ക് പ്രവർത്തിക്കാനാകുന്നത്. കാനഡയിലെ എംബസികളിലും കോണ്‍സുലേറ്റുകളിലും ഇന്ത്യൻ നയതന്ത്രജ്ഞർ സുരക്ഷിതരല്ല. അവർ പരസ്യമായി ഭീഷണി നേരിടുന്നു. അതുകൊണ്ടാണ് കനേഡിയൻ പൗരന്മാർക്ക് വീസ നിഷേധിക്കാൻ ഇന്ത്യ നിർബന്ധിതമായത്. ഈ വിഷയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ എന്നിവരുമായി ചർച്ച ചെയ്തു’-ജയശങ്കർ കൂട്ടിച്ചേർത്തു.
അഞ്ചു ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ഉഭയകക്ഷി ചർച്ച നടത്തി.