വനിതാ സംവരണ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചത് പാതിമനസോടെ: മോദി
സ്വന്തം ലേഖകൻ
Tuesday, September 26, 2023 4:23 AM IST
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെ പ്രതിപക്ഷ ഇന്ത്യ സഖ്യം പിന്തുണച്ചത് പാതിമനസോടെയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഭോപ്പാലിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. 13 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു മുക്തരാക്കാൻ ബിജെപിക്കായി.
വനിതാ സംവരണ ബില്ലും ബിജെപിക്ക് നടപ്പാക്കാനായി. മൂന്നു ദശാബ്ദത്തോളം പ്രതിപക്ഷം വനിതാ സംവരണം നടപ്പാക്കാതെ തടഞ്ഞുവച്ചെന്നും പ്രധാനമന്ത്രി ആരോപിച്ചു. മധ്യപ്രദേശിൽ വലിയ വികസനം സാധ്യമാക്കാൻ ബിജെപിക്കായി. കോണ്‍ഗ്രസ് കാലത്ത് മധ്യപ്രദേശ് ദരിദ്രസംസ്ഥാനമായിരുന്നു.
മധ്യപ്രദേശിനെ ഉന്നതങ്ങളിലെത്തിക്കാൻ ബിജെപിക്കായി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഭരണം കാണാൻ ഇപ്പോഴത്തെ യുവാക്കൾക്ക് അവസരമുണ്ടായില്ല. എന്നാൽ കോണ്‍ഗ്രസിന്റെ കാലത്ത് കോടികളുടെ അഴിമതിയാണ് ഇവിടെ നടന്നിട്ടുള്ളത്. എവിടെയൊക്കെ കോണ്‍ഗ്രസ് ഭരിച്ചിട്ടുണ്ടോ അവിടെയൊക്കെ ഭരിച്ചു നശിപ്പിച്ചു. ദാരിദ്ര്യനിർമാർജന മുദ്രാവാക്യം മുന്നോട്ടുവച്ച കോണ്‍ഗ്രസിന് അതു സാധ്യമാക്കാനായില്ല. ബിജെപിയാണ് ദാരിദ്ര്യനിർമാർജനം സാധ്യമാക്കുന്നത്- പ്രധാനമന്ത്രി പറഞ്ഞു.