അവയവദാതാക്കളുടെ സംസ്കാരവേളകളിൽ ഔദ്യോഗിക ബഹുമതി നൽകാൻ തമിഴ്നാട്
Tuesday, September 26, 2023 4:23 AM IST
ചെന്നൈ: അവയവദാതാക്കൾ മരിക്കുന്പോൾ സംസ്കാരവേളയിൽ പൂർണ സംസ്ഥാന ബഹുമതി നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുഃഖത്തിന്റെ നിമിഷത്തിലും മസ്തിഷ്കമരണം സംഭവിക്കുന്ന രോഗികളുടെ കുടുംബാംഗങ്ങൾ നടത്തുന്ന ത്യാഗം കൊണ്ടാണ് അവയവദാനം സാധ്യമാകുന്നതെന്നും അതിനാലാണ് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്താൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അവയവദാനത്തിലൂടെ നിരവധി പേർക്ക് പുതുജീവിതം നൽകുന്ന കാര്യത്തിൽ തമിഴ്നാട് സംസ്ഥാനം മുന്നിലാണെന്നും ഇതിൽ അഭിമാനമുണ്ടെന്നും സംസ്ഥാന അവയവദാന ദിനത്തോടനുബന്ധിച്ചു എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ച സന്ദേശത്തിൽ സ്റ്റാലിൻ പറഞ്ഞു.
അവയവദാതാവ് മരിച്ചാൽ അതത് ജില്ലകളിലെ കളക്ടർമാരോ അദ്ദേഹത്തിന്റെ അഭാവത്തിൽ മുതിർന്ന ഉദ്യോഗസ്ഥനോ വീട്ടിലെത്തി സർക്കാരിനുവേണ്ടി ആദരാഞ്ജലിയർപ്പിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
2008 ലാണ് എല്ലാവർഷവും തമിഴ്നാട്ടിൽ സെപ്റ്റംബർ 23ന് അവയവദാന ദിനമായി ആചരിക്കാൻ തുടങ്ങിയത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച തങ്ങളുടെ കൗമാരക്കാരനായ മകൻ എ.പി.ഹിതേന്ദ്രന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ഡോക്ടർ ദന്പതികളായ അശോകനും പുഷ്പാഞ്ജലിയും തീരുമാനിച്ച സംഭവം വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ദന്പതികളുടെ ത്യാഗത്തിന് പ്രതിഫലം നൽകണമെന്ന ആവശ്യമുയരുകയും ചെയ്തതോടെ അന്നത്തെ മുഖ്യമന്ത്രി എം.കരുണാനിധിയാണ് അവയവദാന ദിനാചരണം പ്രഖ്യാപിച്ചത്.
ഇതോടെ അവയവദാന രംഗത്ത് രാജ്യത്തെ മുൻനിര സംസ്ഥാനമായി തമിഴ്നാട് മാറുകയായിരുന്നു. കഴിഞ്ഞ 15 വർഷമായി അവയവദാനമേഖലയിൽ തമിഴ്നാടാണ് ഒന്നാംസ്ഥാനത്ത്. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിലായി ഇപ്പോൾ 13 അവയവ മാറ്റ യൂണിറ്റുകളുണ്ട്.
അവയവദാതാവ് മരിക്കുന്പോൾ പരേതനോടുള്ള ആദരസൂചകമായി വാർഡിൽനിന്നും മോർച്ചറിയിലേക്ക് മൃതദേഹത്തെ അനുഗമിക്കാൻ ആശുപത്രിയിലുള്ള ഡോക്ടർമാരെയും നഴ്സുമാരെയും പ്രോത്സാഹിപ്പിക്കുമെന്നും ചെന്നൈയിലെ ചില ആശുപത്രികളിൽ ഇതിന് തുടക്കമായെന്നും തമിഴ്നാട് സംസ്ഥാന ട്രാൻസ്പ്ലാന്റ് അഥോറിറ്റി മെംബർ സെക്രട്ടറി ഡോ.എൻ.ഗോപാലകൃഷ്ണൻ പറഞ്ഞു.
തീരുമാനത്തെ സ്വാഗതം ചെയ്ത പട്ടാളി മക്കൾ കക്ഷി(പിഎംകെ)നേതാവ് ഡോ.അൻപുമണി രാംദാസ്, അവയവദാതാക്കൾക്ക് ഇതിൽപ്പരമൊരു ആദരവ് നൽകാനില്ലെന്നും ചൂണ്ടിക്കാട്ടി.