ജല അഥോറിറ്റിയുടെ ഉത്തരവിൽ ഇടപെടാതെ സുപ്രീംകോടതി
സ്വന്തം ലേഖകൻ
Friday, September 22, 2023 3:59 AM IST
ന്യൂഡൽഹി: കാവേരി നദിയിൽനിന്നു തമിഴ്നാട്ടിലെ ബിലിഗുണ്ട്ലു ഗ്രാമത്തിലേക്ക് അടുത്ത 15 ദിവസത്തേക്ക് 5000 ഘനയടി വെള്ളം തുറന്നുവിടാൻ കർണാടക സംസ്ഥാനത്തോടു നിർദേശിച്ച കാവേരി വാട്ടർ മാനേജ്മെന്റ് അഥോറിറ്റിയുടെ (സിഡബ്ല്യുഎംഎ) ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി.
സെപ്റ്റംബർ 13 മുതൽ 27 വരെയുള്ള കാലയളവിലാണ് സിഡബ്ല്യുഎംഎ ഉത്തരവ്. കാവേരി വാട്ടർ റഗുലേറ്ററി കമ്മിറ്റി (സിഡബ്ല്യുആർസി) പാസാക്കിയ ഉത്തരവ് അംഗീകരിച്ചാണ് സിഡബ്ല്യുഎംഎ തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിടാൻ ഉത്തരവിട്ടത്. ജലവിഭവ മാനേജ്മെന്റിലെയും കാർഷിക മേഖലകളിലെയും വിദഗ്ധർ ഉൾപ്പെടുന്നതാണ് സിഡബ്ല്യുഎംഎയും സിഎംആർസിയും എന്ന് ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, പി.എസ്. നരസിംഹ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഈ വർഷത്തെ ജലക്ഷാമവും കാവേരി നദീതടത്തിൽ കഴിഞ്ഞ 15 ദിവസമായി വർധിച്ചുവരുന്ന ദുരിതാവസ്ഥ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളും സിഎംആർസി പരിഗണിച്ചതായി കോടതി വ്യക്തമാക്കി.
കാവേരി നദീജല വിഷയത്തിൽ കർണാടകയിലെ കർഷകരെ പരിഗണിക്കാതെ തമിഴ്നാടിന് അനുകൂലമായ തീരുമാനം സർക്കാർ സ്വീകരിച്ചുവെന്ന് കഴിഞ്ഞദിവസം ബിജെപി ആരോപിച്ചിരുന്നു.
കാവേരി നദീജല വിഷയത്തിൽ ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ പരാജയങ്ങൾ തുറന്നുകാട്ടി സംസ്ഥാനവ്യാപകമായി ബിജെപി കാന്പയിൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഡൽഹിയിലെത്തി കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.