പാനായിക്കുളം കേസ്: പ്രതികളെ വെറുതെ വിട്ട വിധി ശരിവച്ചു
സ്വന്തം ലേഖകൻ
Friday, September 22, 2023 3:59 AM IST
ന്യൂഡൽഹി: എറണാകുളം പാനായിക്കുളത്ത് സിമി ക്യാന്പ് നടത്തിയെന്ന കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. പി.എ.ഷാദുലി, അബ്ദുൽ റാസിഖ്, അൻസാർ നദ്വി, നിസാമുദ്ദിൻ, ഷമ്മാസ് എന്നിവരെ വെറുതെ വിട്ട നടപടിക്കെതിരേ എൻഐഎയാണു സുപ്രീംകോടതിയെ സമീപിച്ചത്.
നിരോധിത സംഘടനകളിൽ വെറും അംഗത്വമുള്ളവർക്കെതിരേയും യുഎപിഎ പ്രകാരം കേസെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ പ്രതികൾക്കെതിരായ കേസ് നിലനിൽക്കുമെന്നായിരുന്നു എൻഐഎയുടെ വാദം. എന്നാൽ, കേസിന്റെ എല്ലാ വശങ്ങളും വിശദമായി പരിഗണിച്ചശേഷമാണു ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് ജസ്റ്റീസ് ബി. ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.