പിന്നാക്ക സംവരണത്തെച്ചൊല്ലി വാക്പോര്
Thursday, September 21, 2023 1:41 AM IST
ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്കുകൂടി സംവരണം നൽകണമെന്നും ജാതി സെൻസസ് നടത്തണമെന്നും കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷം.
എന്നാൽ, കേന്ദ്രസർക്കാരും ബിജെപിയും ഈ നീക്കത്തെ ചെറുത്തതോടെ ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബിൽ ചർച്ച അപ്രതീക്ഷിത വിവാദമായി. വനിതാ സംവരണത്തെ ഭരണ-പ്രതിപക്ഷങ്ങൾ ഒരുപോലെ അനുകൂലിച്ചപ്പോഴും രാഷ്ട്രീയ ഭിന്നത മറനീക്കി.
വനിതാ സംവരണത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കു പുറമെ പിന്നാക്ക (ഒബിസി) വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന് ഇന്നലെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളെല്ലാം ആവശ്യപ്പെട്ടു. ഇതിനായി എത്രയും വേഗം ജാതി സെൻസസ് പൂർത്തിയാക്കണമെന്ന് ഇന്നലെ വൈകുന്നേരം പ്രസംഗിച്ച രാഹുൽ ആവശ്യപ്പെട്ടു.
വനിതാ സംവരണം നടപ്പാക്കാൻ സെൻസസും മണ്ഡലം പുനർനിർണയവും പൂർത്തിയാക്കണമെന്ന വാദം അതിശയിപ്പിക്കുന്നതാണെന്നും ബിൽ ഇന്നുതന്നെ നടപ്പാക്കാവുന്നതാണെന്നും രാഹുൽ പറഞ്ഞു. എന്നാൽ, വനിതകളെ ശക്തീകരിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു.
ബിജെപിക്ക് വനിതാ ശക്തീകരണം രാഷ്ട്രീയവിഷയമല്ല. വനിതകൾക്കുള്ള അംഗീകാരമാണിത്. ചില പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് ജയിക്കാനുള്ള രാഷ്ട്രീയ ആയുധമാണിത്. സ്ത്രീകളുടെ സുരക്ഷ, ആദരവ്, തുല്യ പങ്കാളിത്തം എന്നിവയാണ് മോദി സർക്കാരിന്റെ ജീവശക്തിയെന്നും ഷാ അവകാശപ്പെട്ടു.
രാജീവ് ഗാന്ധിയുടെ സ്വപ്നമാണു വനിതാ സംവരണ ബില്ലിലൂടെ സഫലമാകുന്നതെന്ന് കോണ്ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങൾക്കുകൂടി വനിതാ സംവരണം വേണമെന്നും ബിൽ നടപ്പാക്കാൻ വർഷങ്ങളുടെ കാലതാമസം വരുത്തുന്നത് ശരിയല്ലെന്നും ലോക്സഭയിൽ വനിതാ സംവരണ ബില്ലിന്റെ ചർച്ചയ്ക്ക് ഇന്നലെ തുടക്കം കുറിച്ച സോണിയ പറഞ്ഞു.
“പുക നിറഞ്ഞ അടുക്കളകൾ മുതൽ വെള്ളപ്പൊക്കമുള്ള സ്റ്റേഡിയങ്ങൾ വരെ ഇന്ത്യൻ സ്ത്രീയുടെ യാത്ര വളരെ നീണ്ടതാണ്. പക്ഷേ അവൾ ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു. സ്വാതന്ത്ര്യത്തിനും പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതിനുമുള്ള പോരാട്ടത്തിൽ സ്ത്രീകൾ പുരുഷന്മാരുമായി തോളോടു തോൾ ചേർന്നു പോരാടിയിട്ടുണ്ട്’’-സോണിയ പറഞ്ഞു.
ത്രിതല പഞ്ചായത്തുകളിൽ മൂന്നിലൊന്നു സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്തതാണു വനിതാശക്തീകരണത്തിലെ വലിയൊരു ചുവടുവയ്പെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇപ്പോൾ അത്തരത്തിലുള്ള മറ്റൊരു വലിയ ചുവടുവയ്പാണ്. ബില്ലിനെ കോണ്ഗ്രസ് പിന്തുണയ്ക്കുന്നുവെന്നും രാഹുൽ പറഞ്ഞു.