കാനഡയിലെ ഇന്ത്യക്കാർക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം
Thursday, September 21, 2023 1:41 AM IST
ന്യൂഡൽഹി: കാനഡയുമായുള്ള നയതന്ത്രബന്ധം വഷളായതിനുപിന്നാലെ ആ രാജ്യത്തുള്ള ഇന്ത്യൻ പൗരന്മാർക്കും വിദ്യാർഥികൾക്കും മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ.
വർധിച്ചുവരുന്ന ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളുടെയും വിദ്വേഷ കുറ്റകൃത്യങ്ങളുടെയും സാഹചര്യത്തിൽ കാനഡയിലുള്ളവരും അവിടേക്കു യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.
കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർഥികളും ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലോ ടൊറോന്റോ, വൻകുവർ എന്നിവിടങ്ങളിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറലിലോ അവരുടെ വെബ്സൈറ്റ് മുഖേനയോ അല്ലെങ്കിൽ മദദ് പോർട്ടൽ (madad.gov. in) വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണ്.
എന്തെങ്കിലും അടിയന്തര സാഹചര്യങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകുകയാണെങ്കിൽ കാനഡയിലെ ഇന്ത്യൻ പൗരന്മാരെ പെട്ടെന്നു സമീപിക്കാൻ ഹൈക്കമ്മീഷനെയോ കോണ്‍സുലേറ്റ് ജനറലിനെയോ ഇതു സഹായിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.