ബന്ദിനെത്തുടർന്ന് ഇംഫാൽ താഴ്വര നിശ്ചലം
Thursday, September 21, 2023 1:26 AM IST
ഇംഫാൽ: മണിപ്പുരിൽ പോലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ട് മെയ്തെയ് വനിതകളുടെ സംഘടനയായ മീര പൈബിസ് ആഹ്വാനംചെയ്ത 48 മണിക്കൂർ ബന്ദിന്റെ രണ്ടാംദിനമായ ഇന്നലെ ഇംഫാൽ നിശ്ചലമായി.
തിങ്കളാഴ്ച അർധരാത്രി തുടങ്ങിയ ബന്ദിനെത്തുടർന്ന് ഇന്നലെയും താഴ്വരയോടു ചേർന്നുള്ള അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവർത്തിച്ചില്ല. വ്യാപാരകേന്ദ്രങ്ങളും ബാങ്കുകളും അടഞ്ഞുകിടുന്നു. സർക്കാർ ഓഫീസുകളും തുറന്നുപ്രവർത്തിച്ചില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ മാത്രമാണ് നിരത്തിൽ ദൃശ്യമായത്.
പലയിടങ്ങളിലും സ്ത്രീകൾ കൂട്ടത്തോടെ എത്തി റോഡിൽ തടസങ്ങൾ സൃഷ്ടിച്ചു. സുരക്ഷാസേനാംഗങ്ങളെയും തടഞ്ഞു. അഞ്ചുപേരെയും മോചിപ്പിക്കണമെന്ന മുദ്രാവാക്യവും ഉയർത്തി. ഗ്രാമങ്ങൾക്ക് കാവൽനിൽക്കുന്ന സുരക്ഷാസേനാംഗങ്ങളെയാണ് അറസ്റ്റ്ചെയ്തതെന്ന് ഇവർ വാദിക്കുന്നു.