കലാപകാരികളുടെ അറസ്റ്റിനെതിരേ ബന്ദ്; മണിപ്പുരിൽ ജനജീവിതം താറുമാറായി
Wednesday, September 20, 2023 12:58 AM IST
ഇംഫാൽ: മണിപ്പുരിൽ പോലീസ് അറസ്റ്റ്ചെയ്ത അഞ്ച് കലാപകാരികളെ നിരുപാധികം വിട്ടയക്കണം എന്ന ആവശ്യവുമായി തിങ്കളാഴ്ച അർധരാത്രി ആരംഭിച്ച 48 മണിക്കൂർ ബന്ദ് ജനജീവിതം സ്തംഭിപ്പിച്ചു.
ടയറുകളും മരക്കഷണങ്ങളും നിരത്തി റോഡുകളിൽ വാഹനഗതാഗതം തടസപ്പെടുത്തിയ പ്രക്ഷോഭകർ പലയിടത്തും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
എതിർവിഭാഗം ആക്രമിക്കുന്നതിൽ നിന്ന് സ്വന്തം ഗ്രാമത്തെ രക്ഷിക്കാൻ കാവൽനിന്ന അഞ്ചുപേരെ തീവ്രവാദികളെന്നു മുദ്രകുത്തി അറസ്റ്റ്ചെയ്തുവെന്നാണ് ഇവരുടെ വാദം. സുരക്ഷാസേന പൂർണമായും പരാജയപ്പെട്ടതിനാൽ സ്വയം പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് ജനമെന്നും അവർ പറഞ്ഞു.
കഴിഞ്ഞ് മേയ് മൂന്നിനു തുടക്കംകുറിച്ച കലാപത്തിൽ 170തി ലേറെ ആളുകൾ കൊല്ലപ്പെട്ടു. 33 പേരെ കാണാതായി. 60000 ആളുകൾ പലായനം ചെയ്തു. 4100 ഓളം വീടുകളാണ് കലാപത്തിൽ അഗ്നിക്കിരയായത്. കാവൽ നിൽക്കുന്നവരെ അറസ്റ്റ്ചെയ്യുന്നതിലൂടെ ഗ്രാമവാസികളെ മറുവിഭാഗം തുടച്ചുനീക്കുന്നതിന് അവസരമൊരുക്കുകയാണെന്നും അവർ പറയുന്നു.
റോഡുകൾ ഗതാഗതയോഗ്യമാക്കാനും പ്രതിഷേധക്കാരെ പിരിച്ചുവിടാനും സുരക്ഷാസേനാംഗങ്ങളെ അധികൃതർ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. എന്നാൽ വ്യാപാര, വിദ്യാഭ്യാസ കേന്ദ്രങ്ങളെല്ലാം ഇന്നലെ അടഞ്ഞുകിടന്നു.
കഴിഞ്ഞ 12 ന് കാങ്പോക്പിയിൽ മൂന്ന് ആദിവാസികളെ പോലീസ് യൂണിഫോമിലെത്തിയ കലാപകാരികൾ വെടിവച്ചുകൊന്നിരുന്നു. പടിഞ്ഞാറൻ ഇംഫാലിനും കാങ്പോക്പിയ്ക്കും ഇടയിൽ ഗോത്രവിഭാഗങ്ങൾക്കു മേധാവിത്വമുള്ള കങ്കുയി മേഖലയിലായിരുന്നു സംഭവം. ഇരുപതുപേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്നും പോലീസ് പറഞ്ഞു.
കർക്കശ നടപടിയെന്നു പോലീസ്
ന്യൂഡൽഹി/ഇംഫാൽ: അറസ്റ്റിലായ അഞ്ചുപേരും പൊതുജനങ്ങളെ കൊള്ളയടിക്കുന്നതിനുൾപ്പെടെ ശ്രമിച്ചുവെന്നാണ് പോലീസ് വാദം.
ആയുധപ്പുരയിൽ നിന്ന് കൊള്ളയടിച്ച എകെ, ഇൻസാസ് വിഭാത്തിൽപ്പെട്ട റൈഫിളുകൾ ഇവരുടെ കൈവശമുണ്ടായിരുന്നു. അഞ്ചുപേരിൽ ഒരാൾ നിരോധിത ഭീകരസംഘടനയായ കംഗ്ലീപക് കമ്യുണിസ്റ്റ് പാർട്ടി (കെസിപി) അംഗമായ എം.ആനന്ദ് സിംഗ് ആണ്.
ദേശീയ സുരക്ഷാ നിയമം ഉൾപ്പെടെ ചുമത്തി ആറുതവണ ഇയാളെ ജയിലിൽ അടച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. പോലീസ് യൂണിഫോം ദുരുപയോഗം ചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർക്കശ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.