അജിത് പവാറിനെ തഴഞ്ഞു
Sunday, June 11, 2023 12:24 AM IST
ന്യൂഡൽഹി: വിമതഭീഷണിയുയർത്തിയ മുതിർന്ന നേതാവ് അജിത് പവാറിനെ തഴഞ്ഞ് ശരദ്് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ അഴിച്ചുപണി. വർക്കിംഗ് പ്രസിഡന്റുമാരായി മുതിർന്ന നേതാവ് പ്രഫുൽ പട്ടേലിനെയും സുപ്രിയ സുലെയെയും നിയോഗിച്ചതായി ശരദ് പവാർ പ്രഖ്യാപിച്ചു.
മകൾ സുപ്രിയ സുലെയെ സുപ്രധാനപദവിലേക്ക് ഉയർത്തിയതിലൂടെ സഹോദരപുത്രൻ കൂടിയായ അജിത് പവാറിനു വ്യക്തമായ സന്ദേശമാണ് പാർട്ടി അധ്യക്ഷൻ നൽകിയത്. ഒരു സംഘം എംഎൽഎമാരെ അടർത്തിമാറ്റി അജിത് പവാർ ബിജെപിക്കൊപ്പം ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
എൻസിപിയുടെ 24 -ാം ജന്മദിനത്തിൽ ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. അജിത് പവാർ ഉൾപ്പെടെ മുതിർന്ന നേതാക്കളെ സാക്ഷിനിർത്തിയായിരുന്നു പ്രഖ്യാപനം. തീരുമാനത്തിൽ അജിത് പവാർ അതൃപ്തനാണെന്നാണ് സൂചന. മാധ്യമപ്രവർത്തകരുമായി സംസാരിക്കാതെ അദ്ദേഹം പാർട്ടി ഓഫീസിൽ നിന്ന് വേഗത്തിൽ മടങ്ങി.
വർക്കിംഗ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രഫുൽ പട്ടേൽ പ്രതികരിച്ചു.