ആസാം-അരുണാചൽ അതിർത്തിയിൽ രണ്ടുപേർ വെടിയേറ്റു മരിച്ചു
Tuesday, June 6, 2023 12:39 AM IST
ഇറ്റാനഗർ: ആസാം-അരുണാചൽപ്രദേശ് അതിർത്തിയുമായി ബന്ധപ്പെട്ട പുതിയ തർക്കത്തെത്തുടർന്നുള്ള വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്കു പരിക്കേറ്റു. അരുണാചൽപ്രദേശിന്റെ വാദമനുസരിച്ച് സംഘർഷമുണ്ടായത് ടോരാജാൻ എന്നയിടത്താണ്.
ലോവർ സിഗാംഗ് ജില്ലയിലെ കാൻകു സർക്കിളിനുകീഴിലാണ് പ്രദേശം. എന്നാൽ ധിമാജി ജില്ലയിലെ ജയ്രാംപുരിനു സമീപം പൻബാരി എന്നയിടത്താണ് സംഘർഷമെന്ന് ആസാം വിശദീകരിക്കുന്നു.
ലോക പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് വൃക്ഷത്തൈകൾ നട്ടിരുന്നവരെ ലക്ഷ്യമാക്കി ഒരുസംഘം വെടിയുതിർത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ആസാം ഭാഗത്തു നിന്നുള്ളവർക്കാണ് വെടിയേറ്റത്.
നാലഞ്ചുദിവസമായി ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുഭാഗത്തുനിന്നുമുള്ളവർ തർക്കത്തിലായിരുന്നുവെന്ന് അരുണാചലിലെ മുതിർന്ന പോലീസ് ഓഫീസർ പറഞ്ഞു. ഞായറാഴ്ച അഭിപ്രായവ്യത്യാസം വാക്കേറ്റത്തിൽ കലാശിച്ചു. ഇന്നലെ സംഘർഷം കയ്യാങ്കളിയിലും കല്ലേറിലും എത്തി. കൊല്ലപ്പെട്ടവർ രണ്ടുപേരും ആസാംകാരാണെന്നാണ് റിപ്പോർട്ടുകൾ. സ്ഥിതിഗതികൾ സാധാരണനിലയിലായെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.