മുസ്ലിം ലീഗ് മതേതര പാർട്ടി: രാഹുലിന്റെ പരാമർശത്തിൽ വാക്പോര്
Saturday, June 3, 2023 1:52 AM IST
ന്യൂഡൽഹി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മതേതര പാർട്ടിയാണെന്ന രാഹുൽഗാന്ധിയുടെ പരാമർശത്തിൽ വാക്പോര്. വാഷിംഗ്ടണ്‍ നാഷണൽ പ്രസ് ക്ലബിലെ രാഹുൽഗാന്ധിയുടെ പരാമർശമാണു ബിജെപി വിവാദമാക്കിയത്.
കേരളത്തിൽ മുസ്ലിം ലീഗുമായുള്ള കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി. എന്നാൽ രാഹുലിന്റെ പ്രസ്താവനയ്ക്കെതിരേ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തി.
മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദികളായ ജിന്നയുടെ മുസ്ലിം ലീഗ് എങ്ങനെയാണ് മതേതര പാർട്ടിയാകുന്നതെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ കിരണ്‍ റിജിജു ചോദിച്ചു. മുസ്ലിം ലീഗിനെ പിന്തുണയ്ക്കുന്ന വ്യക്തിയെ മതേതരനായി കാണുന്നത് ദൗർഭാഗ്യകരമാണെന്നും റിജിജു പറഞ്ഞു.
എന്നാൽ, ജിന്നയുടെ മുസ്ലിം ലീഗും കേരളത്തിലെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും വ്യത്യസ്തമാണെന്നു ചൂണ്ടികാട്ടി രാഹുലിനെതിരായ ബിജെപി വിമർശനത്തെ കോണ്‍ഗ്രസ് പ്രതിരോധിച്ചു.
ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാളിൽ സർക്കാർ രൂപീകരിക്കാൻ ഹിന്ദുമഹാസഭ അധ്യക്ഷൻ ശ്യാമ പ്രസാദ് മുഖർജി ജിന്നയുടെ മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയെന്നും ഗാന്ധിജി ക്വിറ്റ് ഇന്ത്യാ സമരത്തിന് തുടക്കമിട്ടപ്പോൾ ബംഗാളിൽ ശ്യാമ പ്രസാദ് മുഖർജിയാണ് മുസ്ലിം ലീഗുമായി സഹകരിച്ച് ബംഗാൾ വിഭജനത്തിന് മുൻകൈയെടുത്തതെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.