അഞ്ചു തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾക്കും അംഗീകാരം നല്കി കർണാടക മന്ത്രിസഭ
Saturday, June 3, 2023 1:52 AM IST
ബംഗളൂരു: സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, സൗജന്യ വൈദ്യുതി തുടങ്ങി കർണാടകയിൽ കോൺഗ്രസിന്റെ അഞ്ചു തെരഞ്ഞടുപ്പു വാഗ്ദാനങ്ങൾക്കും കർണാടക മന്ത്രിസഭ ഇന്നലെ അംഗീകാരം നല്കി.
എല്ലാ വീടുകൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി(ഗൃഹ ജ്യോതി), ഗൃഹനാഥയ്ക്ക് മാസം രണ്ടായിരം രൂപ (ഗൃഹലക്ഷ്മി), ബിപിഎൽ കുടുംബത്തിലെ ഓരോ അംഗത്തിനും പത്തു കിലോ സൗജന്യ അരി (അന്ന ഭാഗ്യ), 18-25 പ്രായപരിധിയിലുള്ള ബിരുദധാരികളായ തൊഴിൽരഹിതർക്ക് മാസം 3000 രൂപയും തൊഴിൽരഹിതരായ ഡിപ്ലോമക്കാർക്ക് മാസം 1500 രൂപയും(യുവനിധി), സ്ത്രീകൾക്കു സൗജന്യ ബസ് യാത്ര (ശക്തി) എന്നിവയാണു കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ.
ഗൃഹജ്യോതി പദ്ധതി ജൂലൈ ഒന്നിനു നടപ്പാക്കുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗൃഹലക്ഷ്മി പദ്ധതി ഓഗസ്റ്റ് 15നും അന്ന ഭാഗ്യ ജൂലൈ ഒന്നിനും നടപ്പാക്കും. ശക്തി പദ്ധതി ജൂൺ ഒന്നിനു നിലവിൽ വന്നു. എസി, ആഡംബര ബസുകൾ ഒഴികെയുള്ള ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിക്കും.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷ(കെഎസ്ആർടിസി)ന്റെ ബസുകളിലെ 50 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും.