ബ്രിജ് ഭൂഷണെതിരായ ഗുസ്തി താരങ്ങളുടെ പരാതി: എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ
Saturday, June 3, 2023 1:52 AM IST
ന്യൂഡൽഹി: ബ്രിജ് ഭൂഷൺ സിംഗിനെതിരായ ഗുസ്തിതാരങ്ങളുടെ പരാതിയിൽ ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഗുരുതര ആരോപണങ്ങൾ. ബ്രിജ്ഭൂഷണെതിരേ ഗുസ്തിതാരങ്ങൾ പോലീസിൽ നൽകിയ എട്ടു പരാതികളിൽ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പീഡനശ്രമം ഉൾപ്പെടെ നിരവധി വകുപ്പുകളാണ് ബ്രിജ്ഭൂഷണെതിരേ ചുമത്തിയിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കൽ, പീഡനശ്രമം, ശരീരഭാഗങ്ങളിൽ കടന്നുപിടിക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ബ്രിജ്ഭൂഷണ് ചെയ്തതായാണു എഫ്ഐആറിലുള്ളത്. പരിശീലനത്തിനിടെ പരിക്കേറ്റപ്പോൾ ചികിത്സിക്കാൻ ഫെഡറേഷൻ മുടക്കിയ പണത്തിനു പകരമായി ബ്രിജ്ഭൂഷണ് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതായി താരങ്ങൾ നൽകിയ പരാതിയിലുണ്ട്.
ഗുസ്തിതാരങ്ങളെ പിന്തുണച്ച് ക്രിക്കറ്റ് ഇതിഹാസങ്ങൾ
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ തലവൻ ബ്രിജ് ഭൂഷണ് സിംഗിനെതിരേ ഗുസ്തിതാരങ്ങൾ നടത്തുന്ന സമരത്തിൽ പ്രതികരിച്ച് മുൻ ക്രിക്കറ്റ് ഇതിഹാസ താരങ്ങൾ. 1983 ക്രിക്കറ്റ് ലോകകപ്പ് ചാന്പ്യന്മാരായ കപിൽ ദേവ്, സുനിൽ ഗാവസ്കർ, ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, ശ്രീകാന്ത് എന്നിവരാണു താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്.
ഗുസ്തിതാരങ്ങളെ തെരുവിൽ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ കണ്ട് അസ്വസ്ഥരായെന്നും മെഡലുകൾ ഗംഗയിൽ ഒഴുക്കാനുള്ള തീരുമാനം ഒഴിവാക്കണമെന്നും ക്രിക്കറ്റ് താരങ്ങൾ പറഞ്ഞു. ഗുസ്തിതാരങ്ങളുടെ പരാതികൾ കേൾക്കുകയും വേഗത്തിൽ പരിഹരിക്കുകയും വേണമെന്നും ക്രിക്കറ്റ് താരങ്ങൾ ആവശ്യപ്പെട്ടു.