മണിപ്പുർ കലാപം: അന്വേഷണത്തിന് ജുഡീഷൽ സമിതി
Friday, June 2, 2023 1:07 AM IST
ന്യൂഡൽഹി: മണിപ്പുരിൽ ആയുധം വച്ചു കീഴടങ്ങാത്തവർക്കെതിരേ കർശന നടപടി എടുക്കുമെന്ന് താക്കീതു നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പുർ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെയും പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സമാധാന സമിതിയെയും പ്രഖ്യാപിച്ചു.
മണിപ്പുരിലെ സംഘർഷ മേഖലകളിൽ നാലു ദിവസത്തെ സന്ദർശനത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ വിരമിച്ച ചീഫ് ജസ്റ്റീസിന്റെ അധ്യക്ഷതയിൽ സമിതിയെ നിയോഗിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചത്.
അതേസമയം, മണിപ്പുർ പോലീസ് തലപ്പത്ത് മാറ്റം വരുത്തി. നിലവിൽ ഡിജിപിയായിരുന്ന പി. ഡോൻഗലിനെ ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ചുമതലയുള്ള ഓഫീസറായി ഡിജിപി റാങ്കിൽത്തന്നെ മാറ്റിനിയമിച്ചു. ത്രിപുര കേഡറിൽനിന്നുള്ള രാജീവ് സിംഗ് ആണ് മണിപ്പുരിലെ പുതിയ ഡിജിപി. മൂന്നു വർഷത്തേക്കാണ് നിയമനം.
സ്ഥാനചലനം സംഭവിച്ച മുൻ ഡിജിപി ഡോൻഗൽ മണിപ്പുർ കേഡർ ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മെയ്തേയ് സമുദായത്തിനു പുറത്തുള്ള ഒരാൾ പോലീസ് തലപ്പത്തു വരണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ത്രിപുര കേഡറിൽനിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ബിരേൻ സിംഗിന്റെയും മണിപ്പുർ ഗവർണറുടെയും സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗിന്റെയും ചുമതലയിൽ മെയ്തേയ്-കുക്കി വിഭാഗങ്ങളിൽ നിന്നുള്ള പൗരപ്രമുഖരെക്കൂടി ഉൾപ്പെടുത്തിയാണ് സമാധാന സമിതി രൂപീകരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കൽനിന്ന് കലാപകാരികൾ കവർന്നെടുത്ത ആയുധം തിരികെവച്ചു കീഴടങ്ങിയില്ലെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും അമിത് ഷാ മുന്നറിയിപ്പു നൽകി.
ഉടന്പടി പ്രകാരം പ്രവർത്തനം നിർത്തിവച്ച സായുധ സംഘങ്ങളെ ലക്ഷ്യംവച്ചാണ് അമിത് ഷായുടെ മുന്നറിയിപ്പ്. യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട്, കുക്കി നാഷണൽ ഓർഗനൈസേഷൻ എന്നിവയാണ് 2008ലെ കരാർ അനുസരിച്ച് സജീവ് പ്രവർത്തനം മരവിപ്പിച്ചിരിക്കു
ന്നത്.
കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നഷ്ടപരിഹാരം നേരിട്ടു നിക്ഷേപിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. സംസ്ഥാന സർക്കാരിൽ ജനങ്ങൾക്കു വിശ്വാസം നഷ്ടപ്പെട്ടു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകം ചർച്ചകൾ നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
മെയ്തേയ് സമുദായത്തിന് പട്ടികവർഗ പദവി നൽകുന്നതുമായി ബന്ധപ്പെട്ട ശിപാർശ സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട മണിപ്പുർ ഹൈക്കോടതിയുടെ ഉത്തരവ് തിടുക്കത്തിലുള്ള നടപടിയായിരുന്നു എന്നാണ് അമിത് ഷാ വിലയിരുത്തിയത്. ഈ ഉത്തരവാണ് സംഘർഷത്തിലേക്കു നയിച്ചത്.
മേയ് മൂന്നിന് ആരംഭിച്ച കലാപത്തിൽ ഇതുവരെ 80 ഓളം പേർ കൊല്ലപ്പെട്ടെന്നാണ് സർക്കാരിന്റെ കണക്ക്. കലാപബാധിതർ താമസിക്കുന്ന ക്യാന്പുകളിൽ സന്ദർശനം നടത്തിയ അമിത് ഷാ ഉടൻ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു.