ബിജെപിക്കെതിരേ പ്രതിപക്ഷ പാർട്ടികളുടെ യോഗം
Friday, June 2, 2023 1:07 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബിജെപിക്കെതിരേയുള്ള പടയൊരുക്കത്തിന്റെ ഭാഗമായി 12ന് പാറ്റ്നയിൽ നടക്കുന്ന പ്രതിപക്ഷ യോഗത്തിൽ 16 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും.
2024 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള സംയുക്ത പ്രതിപക്ഷത്തിന്റെ ആദ്യ യോഗമാണിത്. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായി നിതീഷ് കുമാറാണ് പ്രതിപക്ഷ യോഗത്തിന് നേതൃത്വം നൽകുന്നത്. മുൻകൂട്ടി തീരുമാനിച്ച പരിപാടികളുടെ തിരക്കിലായതിനാൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പാറ്റ്നയിലെ യോഗത്തിൽ പങ്കെടുക്കില്ലെന്നാണു വിവരം.
യോഗം 23ലേക്കു മാറ്റി വയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എല്ലാവർക്കും സൗകര്യപ്രദമായ ഒരു ദിവസം കണ്ടെത്തി യോഗം നടത്തുന്നത് പ്രായോഗികമല്ലെന്നും നിശ്ചയിച്ച തീയതിയിൽത്തന്നെ ചേരാമെന്നുമാണ് മറ്റു പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. ഇതേത്തുടർന്ന്, യോഗത്തിൽ പങ്കെടുക്കാൻ തങ്ങളുടെ നേതാക്കളിലൊരാളെ നിയോഗിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പുനൽകിയിട്ടുണ്ട്.
പ്രതിപക്ഷ നിരയിൽനിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, അനന്തരവൻ അഭിഷേക് ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ അടക്കമുള്ളവർ പങ്കെടുക്കും.
വിള്ളലുകൾ
അതേസമയം, പശ്ചിമ ബംഗാൾ നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക എംഎൽഎ ആയിരുന്ന ബയണ്‍ ബിശ്വാസിന്റെ കൂറുമാറ്റം പ്രതിപക്ഷ ഐക്യനിരയിൽ വിളളലുകൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തലുകൾ. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ കോട്ടയായ സാഗർദിഖിയിൽനിന്നു കോണ്‍ഗ്രസ് ടിക്കറ്റിൽ വൻഭൂരിപക്ഷത്തോടെ വിജയിച്ച ബയറണ് ബിശ്വാസിന്റെ കൂറുമാറ്റം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് സംസ്ഥാനത്ത് ഉണ്ടാക്കിയിരിക്കുന്നത്.
നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. ബിജെപിയെ നേരിടുന്നതിനായി പ്രധാന വിഷയങ്ങളിൽ ഒരു പൊതു നിലപാട് കൊണ്ടുവരാൻ ചിന്തൻ ശിബിർ വേണമെന്ന് രാഹുൽ ചർച്ചയിൽ ആവശ്യപ്പെട്ടു. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി വിശദമായ സംഭാഷണം നടത്താൻ എല്ലാ പ്രതിപക്ഷ നേതാക്കളും ഡൽഹിയിൽ മൂന്നോ നാലോ ദിവസം ഒരുമിച്ച് ഇരിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം.
അതേസമയം, നിലവിൽ നടക്കുന്നത് ഒരു പ്രാഥമിക യോഗം മാത്രമാണെങ്കിലും എല്ലാ ലോക്സഭാ സീറ്റുകളിലും ബിജെപിക്കെതിരേ ഒരു പൊതു സ്ഥാനാർഥിയെ നിർത്താനാണ് പ്രതിപക്ഷ പാർട്ടികൾ ലക്ഷ്യമിടുന്നത്.
കൂടിക്കാഴ്ചകൾ
ഡൽഹിയിൽ ലഫ്റ്റന്റ് ഗവർണർക്ക് അധികാരം നൽകുന്ന ഓർഡിനൻസുമായി ബിജെപി സർക്കാർ മുന്നോട്ട് വന്നതിനെ ത്തുടർന്ന് ഓർഡിനൻസിനെതിരേ പ്രതിപക്ഷ പിന്തുണ തേടി കേജരിവാൾ കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തിവരികയാണ്. ഇന്നലെ ചെന്നൈയിലെത്തിയ കേജരിവാൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പ്രതിപക്ഷത്തെ ഏകോപിപ്പിക്കുന്നതിനായി ഡിഎംകെ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 12ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
ജാർഖണ്ഡ് മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ചയുടെ നേതാവുമായ ഹേമന്ത് സോറനും യോഗത്തിൽ പങ്കെടുക്കുമെന്നു വ്യക്തമാക്കിയിരുന്നു.