ടെക്നോപാർക്ക് ഫേസ് മൂന്നിൽ ഫ്ളാറ്റും മാളും ഹോട്ടലും നിർമാണത്തിന് പാരിസ്ഥിതിക അനുമതിയില്ല
Friday, June 2, 2023 1:07 AM IST
ന്യൂഡൽഹി: തിരുവനന്തപുരം ടെക്നോപാർക്ക് ഫേസ് മൂന്നിൽ നിർമാണം നടന്നു കൊണ്ടിരുന്ന ഫ്ളാറ്റും മാളും ഹോട്ടലും ഉൾപ്പെടെയുള്ളവയ്ക്ക് സംസ്ഥാന പരിസ്ഥിതി ആഘാത പഠന അഥോറിറ്റി നൽകിയ പരിസ്ഥിതി അനുമതി ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കി.
സുപ്രീംകോടതി നിർദേശങ്ങൾ ലംഘിച്ച് പദ്ധതി രണ്ടായി വിഭജിച്ച കന്പനിക്ക് ട്രൈബ്യൂണൽ 15 കോടി രൂപ പിഴയും ചുമത്തി. പിഴത്തുക തിരുവനന്തപുരം ജില്ലയിലെ തണ്ണീർത്തടങ്ങളുടെ നവീകരണത്തിന് വിനിയോഗിക്കും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സൗത്ത് സോണ് ജസ്റ്റീസ് പുഷ്പ സത്യനാരായണയുടേതാണു വിധി.
വസ്തുതകൾ മറച്ചുവച്ചാണ് പദ്ധതിക്ക് അനുമതി നേടിയതെന്നു ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റായ തോമസ് ലോറൻസ് നൽകിയ അപ്പീലിലാണ് നടപടി. തെറ്റിയാർ, വേളി-ആക്കുളം കായൽ എന്നിവയെയും പദ്ധതി പ്രതികൂലമായി ബാധിച്ചെന്ന് ഉത്തരവിൽ പറയുന്നു.
പരിസ്ഥിതി അനുമതിക്കുള്ള പുതിയ അപേക്ഷ പരിശോധിക്കണമെന്നും നിർമാണ കന്പനി പദ്ധതി പ്രദേശത്ത് നിർമാണം നടക്കുന്ന മുഴുവൻ സ്ഥലത്തെയും പരിസ്ഥിതി ആഘാത വിലയിരുത്തൽ നടത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അഥോറിറ്റിക്ക് നിർദേശം നൽകി.