ഗുസ്തിതാരങ്ങളുടെ പരാതിയിൽ ഉരുണ്ടുകളിച്ച് പോലീസ്
Thursday, June 1, 2023 1:48 AM IST
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: തനിക്കെതിരേയുള്ള ഗുസ്തിതാരങ്ങളുടെ ആരോപണങ്ങൾ ശരിയെന്നു തെളിഞ്ഞാൽ ജീവനൊടുക്കുമെന്ന് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ലൈംഗികാരോപണ വിധേയനുമായ ബ്രിജ് ഭൂഷൺ സിംഗ്. തനിക്കെതിരേ തെളിവുണ്ടെങ്കിൽ അതു കോടതിയിൽ സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗുസ്തിതാരങ്ങളുടെ പരാതിയിലുള്ള അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ, റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചുള്ള ഡൽഹി പോലീസിന്റെ പ്രതികരണങ്ങളിൽ വ്യക്തതയില്ല.
ബ്രിജ് ഭൂഷണെതിരേ തെളിവുകളില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കിയതായി വാർത്തകൾ വന്നിരുന്നു. ഇതു വിവാദമായതോടെ ട്വീറ്റ് ഡൽഹി പോലീസ് പിൻവലിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നു പ്രതികരിച്ചു. ഗുസ്തിതാരങ്ങളുടെ ആരോപണങ്ങൾക്കെതിരേ ജനപിന്തുണ തേടി ഈ മാസം അഞ്ചിന് അയോധ്യയിൽ നടക്കുന്ന ജൻ ചേതന മഹാറാലി വിജയമാക്കണമെന്നും ബ്രിജ് ഭൂഷൺ ആഹ്വാനം ചെയ്തു.
ഗുസ്തിതാരങ്ങളെ പിന്തുണച്ച് ബിജെപി എംപി
ന്യൂഡൽഹി: ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയറിയിച്ച് ബിജെപി നേതാവ് ബ്രിജേന്ദ്ര സിംഗ്. ആയുസുകൊണ്ട് കഷ്ടപ്പെട്ടു നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കേണ്ട അവസ്ഥയിലെത്തിയ ഗുസ്തിതാരങ്ങളുടെ കാഴ്ച തികച്ചും വേദനിപ്പിക്കുന്നതാണെന്ന് ഹരിയാനയിൽനിന്നുള്ള ബിജെപി എംപിയായ ബ്രിജേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തു.
സമരത്തിനു പിന്തുണ തേടി ബിജെപി വനിതാ എംപിമാർക്കുൾപ്പെടെ ഗുസ്തിതാരങ്ങൾ കത്തയച്ചിരുന്നെങ്കിലും ബിജെപി നേതാക്കളാരും പിന്തുണയുമായി എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗുസ്തിതാരങ്ങളുടെ സമരത്തെ അനുകൂലിച്ച് ബ്രിജേന്ദ്ര സിംഗ് രംഗത്തെത്തിയത്.