പോപ്പുലർ ഫ്രണ്ട് ഫുൽവാരി ഷരീഫ് ഗൂഢാലോചനക്കേസ്: കേരളമടക്കം മൂന്നു സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
Thursday, June 1, 2023 1:48 AM IST
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഫുൽവാരി ഷരീഫ് ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് കേരളം, ബിഹാർ, കർണാക എന്നീ സംസ്ഥാനങ്ങളിൽ എൻഐഎ 25 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.
കേരളത്തിൽ മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലും ബിഹാറിലെ കത്തിഹാർ ജില്ലയിലും കർണാടകയിലെ ദക്ഷിണ കന്നഡ, ഷിമോഗ ജില്ലകളിലുമായിരുന്നു റെയ്ഡ്. 17.5 ലക്ഷം രൂപയും മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്കുകൾ, സിം കാർഡുകൾ, പെൻ ഡ്രൈവുകൾ തുടങ്ങിയവയും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു.
കാസർഗോഡ് മഞ്ചേശ്വരം കുഞ്ചത്തൂരിലെ മുനീറിന്റെ വീട്ടിൽ ചെന്നൈയില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ മുതല്‍ റെയ്ഡ് നടത്തി. കഴിഞ്ഞ മാര്‍ച്ച് ഏഴിന് ബിഹാറില്‍ വച്ച് ഹവാല ഇടപാട് നടത്തിയെന്ന കേസില്‍ മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയിലെ ആബിദ് ഉള്‍പ്പെടെയുള്ളവരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.
ആബിദും സംഘവും ജയിലില്ത്തന്നെയാണുള്ളത്. ഇയാളില്‍നിന്നു ലഭിച്ച ചില വിവരത്തെത്തുടര്‍ന്നാണ് ഇയാളുടെ സുഹൃത്ത് മുനീറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. എന്‍ഐഎ സംഘം മഞ്ചേശ്വരം പോലീസിന്റെ സഹായവും റെയ്ഡിന് തേടിയിരുന്നു.
നിരോധനത്തെത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകളെല്ലാം കേന്ദ്രം മരവിപ്പിച്ചതോടെ പണം കണ്ടെത്താന്‍ ഹവാല ഇടപാടുകള്‍ നടത്തിയെന്ന കേസിലാണ് ആബിദ് അടക്കം അഞ്ചുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കര്‍ണാടക സ്വദേശികളായ മുഹമ്മദ് സിനാന്, സര്‍ഫ്രാസ് നവാസ്, ഇക്ബാല്‍, എം.അബ്ദുള്‍ റഫീഖ് എന്നിവരാണ് ബിഹാറില്‍ അറസ്റ്റിലായ മറ്റുള്ളവര്‍.