അംഗീകാരം ഇല്ലാതാകും: 150 മെഡിക്കൽ കോളജുകളുടെ ഭാവി ആശങ്കയിൽ
Wednesday, May 31, 2023 1:30 AM IST
ന്യൂഡൽഹി: സർക്കാർ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലുള്ള 150 മെഡിക്കൽ കോളജുകളുടെ അംഗീകാരം ആശങ്കയിൽ. ഫാക്കൽറ്റികളുടെ കുറവ്, ബയോ മെട്രിക് ആധാർ അറ്റൻഡൻസ് തുടങ്ങിയ നിബന്ധനകൾ പാലിക്കുന്നതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ മൂന്ന് സർക്കാർ മെഡിക്കൽ കോളജുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ അംഗീകാരം റദ്ദാക്കി.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് അടുത്തിടെ രാജ്യത്ത് 40 മെഡിക്കൽ കോളജുകളുടെ അംഗീകാരമാണു റദ്ദായത്. ഗുജറാത്ത്, ആസാം, പുതുച്ചേരി, തമിഴ്നാട്, പഞ്ചാബ്, ആന്ധാപ്രദേശ്, ത്രിപുര, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള 150 മെഡിക്കൽ കോളജുകളിൽ എൻഎംസി വീഴ്ചകൾ കണ്ടെത്തി. പുതുച്ചേരിയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ഐജിഎംസിആർഐ) ആകെയുള്ള 180 എംബിബിഎസ് സീറ്റുകളിൽ 150 സീറ്റുകൾക്ക് അംഗീകാരമില്ലെന്ന് എൻഎംസി വ്യക്തമാക്കിയിട്ടുണ്ട്.
എൻഎംസിയുടെ നിർദേശമനുസരിച്ച് പുതുച്ചേരി മെഡിക്കൽ കോളജിൽ ആവശ്യമായ ഏറ്റവും കുറഞ്ഞ ഫാക്കൽറ്റി അംഗങ്ങളോ റസിഡന്റ് ഡോക്ടർമാരോ ഇല്ലെന്ന് മെഡിക്കൽ ബിരുദ വിദ്യാഭ്യാസ ബോർഡ് (യുജിഎംഇബി) ഡയറക്ടർ ശംഭു ശരണ്‍ കുമാർ പറഞ്ഞു.
ഇതിനുപുറമേ കോളജിൽ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റവും (എഇബിഎഎസ്) നിരീക്ഷണ കാമറകളും ഇല്ലെന്നും ശംഭു ശരണ്‍ കുമാർ വ്യക്തമാക്കി.
പ്രഫസർമാരുടെയും അസിസ്റ്റന്റ് പ്രഫസർമാരുടെയും എണ്ണത്തിലുള്ള കുറവ് കാരണം തമിഴ്നാട്ടിലെ സർക്കാർ നിയന്ത്രണത്തിലുള്ള 40 ശതമാനം മെഡിക്കൽ കോളജുകൾക്കും ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് തമിഴ്നാട് ഗവണ്മെന്റ് ഡോക്ടേഴ്സ് അസോസിയേഷൻ (ടിഎൻജിഡിഎ) പറഞ്ഞു.
ജീവനക്കാരുടെ കുറവ് കാരണം ഗുജറാത്ത്, ആസാം, പുതുച്ചേരി, തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ത്രിപുര, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ 50 ഓളം മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നഷ്ടപ്പെടുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യാഗിക വൃത്തങ്ങൾ നൽകുന്ന വിവരം.
മെഡിക്കൽ കോളജുകൾക്ക് അംഗീകാരം വീണ്ടെടുക്കുന്നതിന് 30 ദിവസത്തിനകം എൻഎംസിയിൽ ആദ്യ അപ്പീൽ നൽകാം. അപ്പീൽ അനുകൂലമല്ലെങ്കിൽ രണ്ടാമത്തെ അപ്പീലിനായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സമീപിക്കാം.