മധ്യപ്രദേശിൽ 150 സീറ്റ് നേടുമെന്നു രാഹുൽ ഗാന്ധി
Tuesday, May 30, 2023 1:43 AM IST
ന്യൂഡൽഹി: ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ 150 സീറ്റോടെ കോൺഗ്രസ് അധികാരത്തിലെത്തുമെന്നു രാഹുൽഗാന്ധി. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചു ചർച്ച നടത്താൻ ചേർന്ന യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കൊപ്പം മധ്യപ്രദേശിലെ മുതിർന്ന നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥ്, മധ്യപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി. അഗർവാൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
“ഞങ്ങൾ സുദീർഘ ചർച്ച നടത്തി. കർണാടകയിൽ ഞങ്ങൾക്ക് 136 സീറ്റ് കിട്ടി. മധ്യപ്രദേശിൽ 150 സീറ്റ് നേടും. കർണാടകയിൽ ഞങ്ങൾ പ്രാവർത്തികമാക്കിയതു മധ്യപ്രദേശിലും ആവർത്തിക്കും’- രാഹുൽ പറഞ്ഞു. 230 നിയമസഭാ മണ്ഡലങ്ങളാണു മധ്യപ്രദേശിലുള്ളത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 116 സീറ്റുകളാണ്.