ഗുസ്തിതാരങ്ങളുടെ സമരം: ജന്തർ മന്തറിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് പോലീസ്
Tuesday, May 30, 2023 1:43 AM IST
ന്യൂഡൽഹി: ഗുസ്തിതാരങ്ങളെ വീണ്ടും ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്നു വ്യക്തമാക്കി ഡൽഹി പോലീസ്. പുതിയ പാർലമെന്റിന്റെ ഉദ്ഘാടനദിവസം സംഘർഷം സൃഷ്ടിക്കരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും താരങ്ങൾ നിയമം ലംഘിച്ചതിനാലാണു പ്രതിഷേധവേദി ഒഴിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.
എന്നാൽ, കലാപം സൃഷ്ടിക്കുന്നതിനും അക്രമം അഴിച്ചുവിടുന്നതിനും ശ്രമിച്ചുവെന്ന പോലീസിന്റെ ആരോപണങ്ങൾ ഗുസ്തിതാരങ്ങൾ തള്ളി. പ്രതിഷേധം വീണ്ടും ആരംഭിക്കുമെന്നും താരങ്ങൾ വ്യക്തമാക്കി.
അതേസമയം, താരങ്ങൾ വീണ്ടും സമരത്തിനു ശ്രമിച്ചാൽ ജന്തർ മന്തർ ഒഴികെയുള്ള മറ്റിടങ്ങളിൽ മാത്രമേ പ്രതിഷേധം അനുവദിക്കൂവെന്ന് ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ട്വീറ്റ് ചെയ്തു. സംഘർഷത്തെ തുടർന്ന് ഞായറാഴ്ച അറസ്റ്റിലായ ഗുസ്തി താരങ്ങളെ രാത്രി വൈകിയാണു പോലീസ് വിട്ടയച്ചത്.