കണ്ടപ്പോൾ വിഷമം തോന്നി, പങ്കെടുക്കാതിരുന്നതിൽ സന്തോഷം: ശരദ് പവാർ
Monday, May 29, 2023 1:10 AM IST
മുംബൈ: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ നടന്ന പൂജാദികർമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ. നാം നമ്മുടെ രാജ്യത്തെ പതിറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോകുകയാണെന്നും ശാസ്ത്രീയ സ്വഭാവമുള്ള ഒരു സമൂഹമാണു പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിഭാവനം ചെയ്തതെന്നും എന്നാൽ പാർലമെന്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ കണ്ടതു തികച്ചും വിപരീതമായ കാര്യങ്ങളാണെന്നും പവാർ പറഞ്ഞു.
രാവിലെ ടിവിയിലൂടെയാണു ചടങ്ങ് കണ്ടത്. ഏതായാലും ചടങ്ങിൽ പങ്കെടുക്കാതിരുന്നതിൽ സന്തോഷമുണ്ട്. അവിടെ നടന്ന കാര്യങ്ങളെല്ലം തന്നെ വിഷമിപ്പിച്ചെന്നും പൂനയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ പവാർ പറഞ്ഞു. ആധുനിക ഇന്ത്യ എന്ന നെഹ്റുവിന്റെ ആശയവും പാർലമെന്റ് ഉദ്ഘാടനച്ചടങ്ങിൽ നടന്ന ആചാരങ്ങളും തമ്മിൽ വലിയ അന്തരമുണ്ട്.
ശാസ്ത്രത്തെ ഒരാൾക്കും തള്ളിപ്പറയാനാകില്ല. ശാസ്ത്രീയസ്വഭാവത്തോടെയുള്ള ഒരു സമൂഹമെന്നതായിരുന്നു നെഹ്റുവിന്റെ സ്വപ്നം. എന്നാൽ, നെഹ്റു വിഭാവനം ചെയ്തതിൽനിന്നു തികച്ചും എതിരായ കാര്യങ്ങളാണ് പാർലമെന്റ് ഉദ്ഘാടനച്ചടങ്ങിൽ കാണാനായത്. ചടങ്ങിലേക്ക് രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കേണ്ടിയിരുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമായിരുന്നു.
ലോക്സഭാ സ്പീക്കർ ഓം ബിർല ചടങ്ങിൽ പങ്കെടുത്തെങ്കിലും രാജ്യസഭാധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ കണ്ടില്ല. അതിനാൽത്തന്നെ ചടങ്ങ് മുഴുവൻ ചുരുക്കം ചില ആളുകൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നതുപോലെ തോന്നുന്നു-ശരദ് പവാർ ചൂണ്ടിക്കാട്ടി.