അയോധ്യയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി, ടെറസിൽനിന്നു തള്ളിയിട്ടു കൊന്നു
Sunday, May 28, 2023 3:00 AM IST
അയോധ്യ: യുപിയിലെ അയോധ്യയിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ പതിനഞ്ചുകാരിയെ സ്കൂൾ മാനേജരും കായികാധ്യാപകനും കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം സ്കൂൾ കെട്ടിടത്തിന്റെ ടെറസിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തി. വെള്ളിയാഴ്ച സ്വകാര്യ സ്കൂളിലാണു നിഷ്ഠുര സംഭവം അരങ്ങേറിയത്.
പെൺകുട്ടി ഊഞ്ഞാലിൽനിന്നു വീണു മരിച്ചെന്നാണ് ആദ്യം സ്കൂൾ മാനേജ്മെന്റ് പറഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾസ പരിശോധിച്ചപ്പോൾ കുട്ടി ടെറസിൽനിന്നാണു വീണതെന്നു കണ്ടെത്തി. സ്കൂൾ മാനേജർ ബ്രിജേഷ് യാദവ്, പ്രിൻസിപ്പൽ രശ്മി ഭാട്ടിയ, കായികാധ്യാപകൻ അഭിഷേക് കന്നൗജിയ എന്നിവർക്കെതിരേ കൊലക്കുറ്റം, കൂട്ട മാനഭംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. സമ്മർ വെക്കേഷനായി സ്കൂൾ അടച്ചിട്ടിരിക്കുകയാണെങ്കിലും പെൺകുട്ടിയെ പ്രിൻസിപ്പൽ സ്കൂളിലേക്കു വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പിതാവ് പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു.
സ്കൂളിലെത്തിയ പെൺകുട്ടിയ മാനേജരും കായികാധ്യാപകനും ചേർന്ന് കൂട്ട മാനഭംഗത്തിനിരയാക്കിയേഷം ടെറസിൽനിന്നു തള്ളിയിട്ടു കൊല്ലുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.