പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് ബ്രിജ് ഭൂഷൺ സിംഗ്
Saturday, May 27, 2023 1:05 AM IST
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത ഗുസ്തിതാരത്തിന്റെ പരാതിയിൽ തനിക്കെതിരേ പോക്സോ നിയമം ചുമത്തിയതിനെ വിമർശിച്ച് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗ്.
പോക്സോ നിയമത്തെ രാജ്യത്ത് വലിയതോതിൽ ദുരുപയോഗം ചെയ്യുകയാണെന്നും നിയമം പരിഷ്കരിക്കാനായി കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
കുട്ടികൾക്കും മുതിർന്നവർക്കും പ്രായമായവർക്കുമെതിരേ പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നു.
ഉദ്യോഗസ്ഥർ പോലും അതിന്റെ ദുരുപയോഗത്തിൽനിന്ന് മുക്തരല്ല. പോക്സോ നിയമം കോണ്ഗ്രസ് സർക്കാർ കൊണ്ടുവന്നതാണെന്നും അതിന്റെ വിവിധ വശങ്ങൾ പരിശോധിക്കാതെയാണ് രാജ്യത്തു നടപ്പിലാക്കിയതെന്നും ബ്രിജ് ഭൂഷൺ കൂട്ടിച്ചേർത്തു.
കെസർഗഞ്ജിൽനിന്നുള്ള ബിജെപി എംപികൂടിയായ ബ്രിജ് ഭൂഷൺ സിംഗിനെതിരേ ഏഴു വനിതാ ഗുസ്തിതാരങ്ങളാണ് ലൈംഗികാതിക്രമത്തിന് പരാതി നൽകിയത്.