പുതിയ പാർലമെന്റ് മന്ദിരോദ്ഘാടനം: രാഷ്ട്രപതിയുടെ അധികാരം കവർന്നെന്ന് ആദിവാസി കോണ്‍ഗ്രസ്
Friday, May 26, 2023 12:59 AM IST
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധമറിയിച്ച് ദേശീയ ആദിവാസി കോണ്‍ഗ്രസ് ചെയർമാൻ ശിവാജി റാവു മോഗെ.
രാഷ്ട്രപതിയാണു പാർലമെന്റ് മന്ദിര ത്തിന്റെ ഉദ്ഘാടനം നിർവഹിക്കേണ്ടത്. ഇതിനു വിപരീതമായി ആദിവാസി സമൂഹത്തിൽനിന്നുള്ള രാജ്യത്തിന്റെ ആദ്യത്തെ രാഷ്ട്രപതിയുടെ ഭരണഘടനാപരമായ അവകാശമാണു മോദി സർക്കാർ കവർന്നെടുത്തത്.
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനചടങ്ങുകളിൽനിന്നു രാഷ്ട്രപതിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഇന്ന് ആദിവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ബ്ലോക്ക്, താലൂക്ക് തലങ്ങളിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.
തീരുമാനത്തിൽനിന്നു മോദിസർക്കാർ പിന്തിരിയാത്തത് രാജ്യത്തെ വനിത, ആദിവാസി വിഭാഗങ്ങളെ സംബന്ധിച്ച് ദുഃഖകരമായ തീരുമാനമാണെന്നും ശിവാജി റാവു പറഞ്ഞു.