ഗോത്രവർഗത്തിൽ ജനിച്ചതു പോരായ്മയല്ല: രാഷ്ട്രപതി
Friday, May 26, 2023 12:59 AM IST
ജാർഖണ്ഡ്: സ്ത്രീ ആയതോ ഗോത്രവർഗത്തിൽ ജനിച്ചതോ ഒരു പോരായ്മയല്ലെന്നും ഏതൊരു മേഖലയിലും വിജയിക്കുന്നതിന് സ്വന്തം കഴിവുകൾ തിരിച്ചറിയേണ്ടതുണ്ടെന്നും രാഷ്ട്രപതി ദ്രൗപതി മുർമു.
ജാർഖണ്ഡിലെ ഖുന്തിയിൽ കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം സംഘടിപ്പിച്ച വനിതാസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി. രാജ്യത്ത് സ്ത്രീകളുടെ സംഭാവനയ്ക്ക് പ്രചോദനാത്മകമായ എണ്ണമറ്റ ഉദാഹരണങ്ങളുണ്ട്.
സാമൂഹിക പരിഷ്കരണം, രാഷ്ട്രീയം, സന്പദ്വ്യവസ്ഥ, വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം, ബിസിനസ്, കായികം, സൈനികസേവനം തുടങ്ങിയ മേഖലകളിലെ സംഭാവനകൾ വിലമതിക്കാത്തതാണ്. താരതമ്യം ചെയ്തു സ്വയം വിലയിരുത്തരുതെന്നും സ്ത്രീശക്തീകരണത്തിന്റെ സാമൂഹികവും സാന്പത്തികവുമായ വശങ്ങൾ പ്രാധാന്യമേറിയതാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
ആദിവാസി സമൂഹം വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. ആദിവാസി സമൂഹത്തിൽ സ്ത്രീധന സന്പ്രദായം നിലവിലില്ലാത്തത് ചൂണ്ടിക്കാട്ടാവുന്ന നേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു. സമൂഹത്തിൽ വിദ്യാസന്പന്നരായ പലർക്കും ഇന്നും സ്ത്രീധന സന്പ്രദായം ഉപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ലെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.