വന്ദേഭാരത് എക്സ്പ്രസിന്റെ മൂന്നു ശ്രേണികൾ അടുത്ത വർഷം
Friday, May 26, 2023 12:59 AM IST
ഡെറാഡൂൺ: വന്ദേഭാരത് എക്സ്പ്രസിന്റെ ശ്രേണിയിലുള്ള മൂന്ന് അർധ അതിവേഗ ട്രെയിനുകൾ അടുത്തവർഷം മാർച്ചിനുമുന്പ് സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേ ചെയർ കാർ, വന്ദേ മെട്രോ, വന്ദേ സ്ലീപ്പേഴ്സ് എന്നിവയാണു പുതിയ വിഭാഗങ്ങൾ.
ശതാബ്ദി, രാജധാനി എന്നിവയ്ക്കുപുറമേ ലോക്കൽ ട്രെയിനുകൾക്കും പകരമായി ഉപയോഗിക്കുകയാണ് ലക്ഷ്യം. ചെന്നൈ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണു നിർമാണമെന്നും റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.
നാലുവർഷത്തിനുള്ളിൽ ട്രാക്കുകൾ നവീകരിച്ച്, മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാൻ സൗകര്യമൊരുക്കും. വന്ദേ മെട്രോയുടെ വേഗം മണിക്കൂറിൽ 100 കിലോമീറ്റർവരെയാണ്.
വന്ദേ ചെയർ കാറിന്റേത് 550 കിലോമീറ്ററും വന്ദേ സ്ലീപ്പറിന്റെ പരമാവധി വേഗം 550 മണിക്കൂറിനു മുകളിലുമാണെന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഡൽഹി ആനന്ദവിഹാർ ടെർമിനലിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനച്ചടങ്ങിനിടെ റെയിൽവേ മന്ത്രി പറഞ്ഞു.