ഒടിടികളിലും പുകയില മുന്നറിയിപ്പ് പരസ്യം വരുന്നു
Friday, May 26, 2023 12:59 AM IST
ന്യൂഡൽഹി: പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരേയുള്ള മുന്നറിയിപ്പ് ഒടിടി പ്ലാറ്റ്ഫോമുകളിലും നിർബന്ധമാക്കുന്നു. തിയറ്ററുകളിലും ടെലിവിഷനിലും നിർബന്ധമായിരുന്ന ഇത്തരം പരസ്യങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് ആരോഗ്യമന്ത്രാലയം വൃത്തങ്ങൾ സൂചിപ്പിച്ചു.
പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന രംഗങ്ങളിൽ നിയമപരമായ മുന്നറിയിപ്പിനു പുറമേ പരിപാടിയുടെ തുടക്കത്തിലും ഇടവേളയിലും 30 സെക്കൻഡ് പരസ്യം നിർബന്ധമാക്കാനാണ് ഇതുസംബന്ധിച്ച കരടുനയത്തിൽ പറയുന്നത്.
സമൂഹത്തിൽ വലിയ സ്വാധീനം ചെലത്തുന്ന ഒടിടി പ്ലാറ്റ്ഫോമുകൾ കുട്ടികളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സിനിമ, ഓഡിയോ വിഷ്വൽ പരിപാടികൾ, ഡോക്യുമെന്ററികൾ, സീരിയലുകൾ, പൊഡോകാസ്റ്റ് തുടങ്ങി ഒടിടിയിലെ എല്ലാ വിഭാഗങ്ങളിലും മുന്നറിയിപ്പ് പരസ്യം നിർബന്ധമായേക്കും.