പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം: പ്രതിപക്ഷത്തെ തള്ളിപ്പറഞ്ഞ് മായാവതി
Friday, May 26, 2023 12:58 AM IST
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ച പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെ വിമർശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി.
ഉദ്ഘാടനം ബഹിഷ്കരിച്ച പ്രതിപക്ഷ പാർട്ടികളുടെ നടപടി തെറ്റാണെന്ന് മായാവതി കുറ്റപ്പെടുത്തി. ട്വിറ്ററിൽ എഴുതിയ കുറിപ്പിലൂടെയാണ് മായാവതി പ്രതികരണമറിയിച്ചത്. കേന്ദ്രസർക്കാരാണ് പാർലമെന്റ് നിർമിച്ചതെന്നും അത് ഉദ്ഘാടനം ചെയ്യാൻ അവർക്ക് അവകാശമുണ്ടെന്നും മായാവതി കൂട്ടിച്ചേർത്തു. എന്നാൽ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്നും മായാവതി ട്വീറ്റ് ചെയ്തു. ചടങ്ങിലേക്കു ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും നേരത്തേ നിശ്ചയിച്ചിട്ടുള്ള പാർട്ടി അവലോകന യോഗങ്ങൾ മൂലം ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് മായാവതിയുടെ പ്രതികരണം.
ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തിൽനിന്നു ബിജെഡി വിട്ടുനിൽക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് വ്യക്തമാക്കിയിരുന്നു. വൈഎസ്ആർ കോണ്ഗ്രസ്, ടിഡിപി തുടങ്ങിയ പാർട്ടികളും പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കോണ്ഗ്രസ്, സിപിഎം, സിപിഐ, ടിഎംസി, എസ്പി, എഎപി എന്നിവയുൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികളാണു ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചത്.