തട്ടിപ്പുകാരായി പ്രഖ്യാപിക്കുംമുന്പ് വായ്പക്കാരുടെ വാദം കേൾക്കണം: സുപ്രീംകോടതി
Tuesday, March 28, 2023 1:15 AM IST
ന്യൂഡൽഹി: തട്ടിപ്പുകാരായി പ്രഖ്യാപിക്കുംമുന്പ് ബാങ്കുകൾ വായ്പയെടുത്തവരുടെ വാദംകൂടി കേൾക്കണമെന്നു സുപ്രീംകോടതി.
വ്യാജ അക്കൗണ്ടുകളായി പ്രഖ്യാപിക്കുന്നതിനായി റിസർവ് ബാങ്ക് നിർദേശിച്ചിട്ടുള്ള നടപടിക്രമങ്ങളിൽ വായ്പയെടുത്തിട്ടുള്ളവരുടെ വാദംകൂടി ഉൾപ്പെടുത്തണമെന്നാണു കോടതിയുടെ നിർദേശം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ എതിർപ്പ് തള്ളിയാണു 2020ലെ തെലുങ്കാന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചത്.
തട്ടിപ്പു നടത്തിയ അക്കൗണ്ടുകളായി പ്രഖ്യാപിക്കുന്നതോടെ വായ്പയെടുത്തവർ ഗുരുതരമായ സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ നേരിടേണ്ടിവരും. കടക്കാരെ കരിന്പട്ടികയിൽപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്കുവരെ നീളും. അതിനാൽ, വായ്പയെടുത്തവർക്കു പറയാനുള്ളതുകൂടി നിർബന്ധമായും കേൾക്കണം. ഇതുസംബന്ധിച്ച സുപ്രധാന നിർദേശങ്ങളിൽനിന്ന് സ്വാഭാവിക നീതി ഒഴിവാക്കപ്പെടരുതെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിർദേശിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
തട്ടിപ്പ് അക്കൗണ്ടുകൾ സംബന്ധിച്ചു തെലുങ്കാന ഹൈക്കോടതി വിധിക്ക് കടകവിരുദ്ധമായ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി. റിസർവ് ബാങ്ക് നിർദേശപ്രകാരം തിരിമറി, തട്ടിപ്പ് ഇടപാടുകൾ, വഞ്ചന, വ്യാജരേഖ എന്നിവയ്ക്കു ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചുള്ള ശിക്ഷകളാണു തട്ടിപ്പ് അക്കൗണ്ടുകളായി പ്രഖ്യാപിച്ചാൽ വായ്പയെടുത്തവർ നേരിടേണ്ടിവരിക.