നഷ്ടപ്പെട്ട ഫോണുകൾ വീണ്ടെടുക്കാം; പോർട്ടൽ പ്രവർത്തനസജ്ജം
Monday, March 27, 2023 12:43 AM IST
ന്യൂഡൽഹി: നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിനും ഉപയോഗിക്കുന്ന ഫോണുകൾ മോഷ്ടിക്കപ്പെട്ടതല്ലെന്നു ഉറപ്പാക്കുന്നതിനും സഹായിക്കുന്ന കേന്ദ്ര ടെലികോം വകുപ്പിന്റെ പോർട്ടൽ പ്രവർത്തനമാരംഭിച്ചു. ഈ സംവിധാനം വഴി ഫോണ് നഷ്ടപ്പെട്ട ഒരാൾക്ക് അതിവേഗം പരാതി രജിസ്റ്റർ ചെയ്യാനാകും. ഫോണ് നഷ്ടപ്പെട്ടെന്നു ഉറപ്പായാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയാണ് ആദ്യഘട്ടം. അതിനുശേഷം വെബ്സൈറ്റിൽ പരാതി സ്വയം രജിസ്റ്റർ ചെയ്യണം.
ഇന്റർനാഷനൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നന്പറുള്ള ഫോണുകളുടെ വിവരങ്ങൾ മാത്രമേ പുതിയ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാനാകൂ. പരാതി സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ നന്പറും പരാതിയുടെ ഡിജിറ്റൽ കോപ്പിയും ചേർക്കണം. ഐഎംഇഐ നന്പറും നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ചിരിക്കുന്ന സിംകാർഡിലെ നന്പറും (ഫോണ്നന്പർ) ഇമെയിൽ അഡ്രസും നൽകിയാൽ നഷ്ടപ്പെട്ട ഫോണ് മറ്റാരും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താം. https://www.ceir.gov.in വെബ്സൈറ്റ് സന്ദർശിക്കുക.