മുൻ ജഡ്ജിക്ക് വരവിൽ കവിഞ്ഞ സ്വത്ത്: നടപടി വിവരങ്ങൾ വെളിപ്പെടുത്തില്ലെന്ന്
Thursday, December 1, 2022 1:11 AM IST
ന്യൂഡൽഹി: സുപ്രീംകോടതി മുൻ ജഡ്ജി ഹേമന്ത് ഗുപ്തയ്ക്ക് വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്ന ആരോപണത്തിൽ മുൻ ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ എന്തു നടപടികൾ സ്വീകരിച്ചു എന്ന വിവരം വെളിപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതിയുടെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ.
സുപ്രീംകോടതിയുടെ സ്വാതന്ത്ര്യത്തെയും രക്ഷാധികാര ബന്ധത്തെയും സ്വകാര്യതയെയും രഹസ്യാത്മകതയെയും ബാധിക്കുമെന്നു ചൂണ്ടി ക്കാട്ടിയാണ് വിവരങ്ങൾ നൽകാനാകില്ലെന്ന് അറിയിച്ചത്.
ജസ്റ്റീസ് ഹേമന്ത് ഗുപ്തയ്ക്ക് വരവിൽ കവിഞ്ഞ സന്പാദ്യമുണ്ടെന്നാരോപിച്ച് 2017ലാണ് അന്നത്തെ ചീഫ് ജസ്റ്റീസ് ആയിരുന്ന ജെ.എസ്. ഖെഹാറിന് കത്തു ലഭിക്കുന്നത്. കാന്പയിന് ഫോർ ജുഡീഷൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് ആണ് കത്തു നൽകിയത്. വരവിൽ കവിഞ്ഞതും അനധികൃതവുമായി ഒട്ടേറെ സ്വത്ത് ഹേമന്ത് ഗുപ്ത സന്പാദിച്ച എന്ന ഗുരുതര ആരോപണമായിരുന്നു കത്തിലുണ്ടായിരുന്നു.