കോൺഗ്രസ് അധ്യക്ഷൻ: മത്സരിക്കാൻ ദിഗ്വിജയ് സിംഗും
Thursday, September 29, 2022 2:06 AM IST
ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വഴിത്തിരിവായി മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിംഗിന്റെ സ്ഥാനാർഥിത്വം. അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്നതിന് അദ്ദേഹം നാളെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് സൂചന.
രാജസ്ഥാൻ നിയമസഭാ കക്ഷി യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗെഹ്ലോട്ടിന്റെ സ്ഥാനാർഥിത്വത്തിലുള്ള ആശങ്ക മാറിയിട്ടില്ല. രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിന് അശോക് ഗെഹ്ലോട്ട് തയാറല്ലെന്നാണ് ഗെഹ്ലോട്ട് പക്ഷക്കാർ ആവർത്തിക്കുന്നത്.
ഗെഹ്ലോട്ടിന്റെ കാര്യത്തിൽ പാർട്ടി നേതൃത്വം സംശയത്തിലായതോടെ ദിഗ്വിജയ് സിംഗ്, മല്ലികാർജുൻ ഖാർഗെ, കെ. സി. വേണുഗോപാൽ എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം. എന്നാൽ ശശി തരൂർ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
മുതിർന്ന കോണ്ഗ്രസ് നേതാക്കളായ കമൽനാഥ്, പവൻകുമാർ ബെൻസൽ എന്നിവരുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നിരുന്നു.
അതേസമയം ഇന്നലെ ഡൽഹിയിലെത്തിയ മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസത്തിനു മുന്നോടിയായി ഗെഹ്ലോട്ട്, ദിഗ്വിജയ് സിംഗ് എന്നിവർ സോണിയയുമായി കൂടിക്കാഴ്ച നടത്തിയേക്കും.