സ്വകാര്യ ബസും കാർഗോ ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം
Thursday, September 29, 2022 1:20 AM IST
കോയന്പത്തൂർ: പൊള്ളാച്ചിക്ക് സമീപം അയ്യംപാളയത്ത് സ്വകാര്യ ബസും കാർഗോ ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. അപകടത്തിൽ സ്വകാര്യ ബസ് റോഡരികിലെ തെങ്ങിൻ തോപ്പിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ പൊള്ളാച്ചിക്ക് സമീപം ഗോപാലപുരത്ത് നിന്ന് സ്കൂൾ വിദ്യാർത്ഥികളെയും ജോലിക്ക് പോകുന്നവരെയും കയറ്റി പൊള്ളാച്ചി ഭാഗത്തേക്ക് വരികയായിരുന്നു സ്വകാര്യ ബസ്. അയ്യംപാളയം ഭാഗത്തേക്ക് വരുന്പോൾ എതിരെ വന്ന വാഹനത്തെ സ്വകാര്യ ബസ് മറികടക്കുന്നതിനിടയിൽ എതിരെ വന്ന ഗുഡ്സ് ഓട്ടോയിൽ ബസ് ഇടിക്കുകയായിരുന്നു. ഓട്ടോയിൽ വന്ന 2 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഒരാളെ രക്ഷപ്പെടുത്തി ആംബുലൻസിൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ അപകടമുണ്ടാക്കിയ സ്വകാര്യ ബസ് റോഡരികിലെ തെങ്ങിൻ തോപ്പിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. അയൽവാസികൾ ഇവരെ രക്ഷപ്പെടുത്തി സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. പുലർച്ചെയുണ്ടായ അപകടത്തിൽ പൊള്ളാച്ചി-പാലക്കാട് റോഡിൽ ഗതാഗതം സ്തംഭിച്ചു. പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നു.