അധ്യാപകന്റെ മർദനമേറ്റ ദളിത് വിദ്യാർഥി മരിച്ചു: യുപിയിൽ പ്രതിഷേധം
Wednesday, September 28, 2022 1:48 AM IST
ഒൗറിയ: അധ്യാപകന്റെ മർദനമേറ്റു ചികിത്സയിലായിരുന്ന ദളിത് വിദ്യാർഥിയുടെ മരണത്തെത്തുടർന്ന് യുപിയിലെ ഒറിയയിൽ പ്രതിഷേധം കനത്തു. ഔറിയയിലെ ആചാൽഡയിലെ പത്താംക്ലാസുകാരായ നിഖിൽ കുമാറിനെയാണ് പരീക്ഷയിലെ മോശം പ്രകടനത്തിന്റെ പേരുപറഞ്ഞ് സാമൂഹ്യാപാഠം അധ്യാപകൻ അശ്വിനി സിംഗ് മർദിച്ചത്.
കഴിഞ്ഞ ഏഴാംതീയതിയായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞദിവസം മരണത്തിനു കീഴടങ്ങി. ഇതോടെ അധ്യാപകൻ സ്ഥലത്തുനിന്നും മുങ്ങി.
പ്രശ്നത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെ എസ്പി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും രൂക്ഷമായി വിമർശിച്ചു. കുറ്റക്കാർക്കെതിരേ കർക്കശന നടപടി വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
മരണവാർത്ത പുറത്തുവന്നതോടെ വിദ്യാർഥിയുടെ വസതിയിലെത്തിയ ഭീം ആർമി പ്രവർത്തകർ പ്രതിഷേധവും സംഘടിപ്പിച്ചു. മൃതദേഹം വഹിച്ചുള്ള ആംബുലൻസ് ഗ്രാമത്തിലെത്തിച്ചപ്പോൾ സ്കൂളിനുമുന്നിലും പ്രതിഷേധം അരങ്ങേറി. പോലീസ് ജീപ്പ് കത്തിച്ചതിനുപുറമേ ജില്ലാ കലക്ടറുടെ വാഹനം പ്രതിഷേധക്കാർ അടിച്ചുതകർത്തു.