അഴിമതിവിവരം തേടിയത് സമ്മർദതന്ത്രം: പ്രധാനമന്ത്രിയുടെ ഓഫീസ്
Tuesday, September 27, 2022 1:14 AM IST
ന്യൂഡൽഹി: അഴിമതിയാരോപണങ്ങളിൽ കേന്ദ്ര മന്ത്രിമാർക്കെതിരേ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിവരങ്ങൾ ആരാഞ്ഞ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ചതുർവേദി നൽകിയ അപേക്ഷ സമ്മർദതന്ത്രമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സുപ്രീംകോടതിയിൽ.
നേരിട്ടു ലഭിക്കാനിടയില്ലാത്ത ചില കാര്യങ്ങൾ പരോക്ഷമായി നേടിയെടുക്കാനുള്ള സഞ്ജീവിന്റെ ശ്രമമാണിതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രവീണ് കുമാർ സുപ്രീംകോടതിയിൽ നൽകിയ മറുപടി.
നിലവിൽ ഉത്തരാഖണ്ഡിൽ ജോലിചെയ്യുന്ന സഞ്ജീവ് ചതുർവേദി, 2017 ഓഗസ്റ്റിലാണ് അഴിമതിയാരോപണങ്ങളിൽ കേന്ദ്ര മന്ത്രിമാർക്കെതിരേ എടുത്ത നടപടികളുടെ വിശദാംശങ്ങൾ തേടി വിവരാവകാശ പ്രകാരം അപേക്ഷ നൽകിയത്.
2014 മുതൽ വിദേശത്ത് നിക്ഷേപിക്കപ്പെട്ടിട്ടുള്ള കള്ളപ്പണം രാജ്യത്തേക്ക് തിരികെ എത്തിച്ചതിന്റെ കണക്കുകളും സഞ്ജീവ് വിവരാവകാശ പ്രകാരം ചോദിച്ചിരുന്നു. ആദ്യത്തെ ചോദ്യം അവ്യക്തമാണെന്നു പറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. കള്ളപ്പണം സംബന്ധിച്ചുള്ള ചോദ്യത്തിന് അക്കാര്യം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നായിരുന്നു മറുപടി.
2018 ഒക്ടോബറിൽ ചതുർവേദിയുടെ ചോദ്യങ്ങൾക്ക് 15 ദിവസത്തിനകം മറുപടി നൽകണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ പ്രധാനമന്ത്രിയുടെ ഓഫീസിന് നിർദേശം നൽകി. എന്നാൽ, വിവിധ കേന്ദ്ര മന്ത്രിമാരെക്കുറിച്ച് പലതരം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് ദുരുപയോഗം ചെയ്യാനിടയാക്കും എന്നുമായിരുന്നു മറുപടി.
കള്ളപ്പണം സംബന്ധിച്ച ചോദ്യത്തിന് അക്കാര്യത്തിൽ അന്വേഷണം നടക്കുകയാ ണെന്നും വിഷയം വിവരാവകാശ നിയമത്തിന്റെ പരിധിക്കു പുറത്താണെന്നുമായിരുന്നു മറുപടി. സഞ്ജീവ് ചതുർവേദി പരാതിയുമായി വീണ്ടും കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചു. കമ്മീഷന്റെ ഉത്തരവുകൾ പാലിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനോടകംതന്നെ ആവശ്യമായ മറുപടികൾ നൽകിയിട്ടുണ്ടെന്ന ു പറഞ്ഞ് വിവരാവകാശ കമ്മീഷൻ 2019 ജൂണിൽ സഞ്ജീവിന്റെ പരാതി തള്ളി. ഇതിനെതിരേ അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അതേ വർഷം കേസ് സുപ്രീംകോടതിയിലെത്തി. 2020ൽ സുപ്രീംകോടതി പ്രധാനമന്ത്രിയുടെ ഓഫീസിലെ കേന്ദ്ര വിവരാവകാശ ഉദ്യോഗസ്ഥന് നോട്ടീസ് അയച്ചു.
എന്നാൽ, കേന്ദ്ര വിവരാവകാശ കമ്മീഷൻ നിർദേശിച്ചിട്ടുള്ള വിവരങ്ങളെല്ലാംതന്നെ കൈമാറിയിട്ടുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ മറുപടി. പരാതിക്കാരന് തനിക്കാവശ്യമുള്ള വിവരങ്ങൾ അയാൾ നിർദേശിക്കുന്ന തരത്തിൽ ആവശ്യപ്പെടാനാകില്ലെന്നും ചൂണ്ടിക്കാട്ടി.