മതവിദ്വേഷം: 45 യുട്യൂബ് വീഡിയോകൾ നീക്കംചെയ്തു
Tuesday, September 27, 2022 1:14 AM IST
ന്യൂഡൽഹി: രാജ്യത്തെ പത്ത് യു ട്യൂബ് ചാനലുകളിൽനിന്നുള്ള 45 വീഡിയോകൾ നീക്കംചെയ്യാൻ നിർദേശിച്ചതായി കേന്ദ്രം. വ്യാജവാർത്തകളും കൃത്രിമമായി നിർമിച്ച ദൃശ്യങ്ങളും ചേർത്തു തയാറാക്കിയ വീഡിയോകൾ മതവിദ്വേഷത്തിനു വഴിതെളിച്ചേക്കാമെന്ന നിഗമനത്തിലാണു തീരുമാനമെന്ന് വാർത്താവിനിമയ മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
അഗ്നിപഥ് പദ്ധതി, കരസേന, രാജ്യത്തെ സുരക്ഷാസംവിധാനങ്ങൾ, കാഷ്മീർ എന്നിവയെക്കുറിച്ച് തെറ്റായ വിവരങ്ങളുള്ള വീഡിയോകൾ നീക്കംചെയ്തവയിൽ ഉൾപ്പെടുന്നു.
മൊത്തം 1.30 കോടി കാഴ്ചക്കാരുള്ള ഈ വീഡിയോകൾ നീക്കംചെയ്യാൻ കഴിഞ്ഞ 23നാണ് നിർദേശം നൽകിയത്-മന്ത്രി പറഞ്ഞു. നേരത്തേ ഇതേകാരണത്തിന് 102 യു ട്യൂബ് ചാനലുകളും ഒട്ടേറെ ഫേസ്ബുക്ക് അക്കൗണ്ടുകളും സർക്കാർ നീക്കംചെയ്തിരുന്നു.