യുഎപിഎ നിയമസാധുത: സുപ്രീംകോടതി വാദം കേൾക്കും
Tuesday, September 27, 2022 1:14 AM IST
ന്യൂഡൽഹി: യുഎപിഎ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തു നൽകിയ ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കും ചീഫ് ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനും ജസ്റ്റീസുമാരായ രവീന്ദ്ര ഭട്ട്, ജെ.ബി. പർദീവാല എന്നിവർ അംഗങ്ങളുമായ ബെഞ്ച് കേസ് ഒക്ടോബർ 18ന് പരിഗണിക്കും.
മുതിർന്ന അഭിഭാഷകനായ അരവിന്ദ് ദത്താറാണ് പരാതിക്കാരായ ഫൗണ്ടേഷൻ ഓഫ് മീഡിയ പ്രഫഷണൽസിന് വേണ്ടി ഹാജരായത്. ഇതുമായി ബന്ധപ്പെട്ട മറ്റു ഹർജികൾ നൽകിയിരിക്കുന്ന അഭിഭാഷകരെ വിവരം അറിയിക്കാനും സുപ്രീംകോടതി നിർദേശിച്ചു.
ഭീകരവിരുദ്ധ നിയമം എന്ന പേരിൽ രൂപീകരിച്ച യുഎപിഎ രാഷ്ട്രീയവൈരാഗ്യം തീർക്കാനുള്ള ഉപകരണമായി മാറിയിട്ടുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം. വിയോജിപ്പ് രേഖപ്പെടുന്നവരെ നേരിടാനുള്ള ഉപകരണമായും സർക്കാർ ഈ നിയമത്തെ ഉപയോഗിക്കുന്നുവെന്നും കുറ്റപ്പെടുത്തുന്നു.