കനത്തമഴയിൽ യമുനാ കരകവിഞ്ഞു: 7,000 പേരെ ഒഴിപ്പിച്ചു
Sunday, August 14, 2022 11:46 PM IST
ന്യൂഡൽഹി: ഡൽഹിയിലും അയൽ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലുമുണ്ടായ കനത്ത മഴയെ തുടർന്ന് യമുനാ നദി കരകവിഞ്ഞു.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് 7000 പേരെയാണ് ഒഴിപ്പിച്ചത്. ഇതിൽ ഭൂരിഭാഗം പേരും റോഡരികിൽ താമസിക്കുന്നവരാണ്. വെള്ളിയാഴ്ച വൈകിട്ടാണ് കനത്ത മഴയെ തുടർന്ന് യമുന നദിയിലെ ജലനിരപ്പ് 205.33 മീറ്ററിന് മുകളിലെത്തിയത്. തുടർന്ന് തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ അധികൃതർ ഒഴിപ്പിക്കാൻ ആരംഭിച്ചു.
എന്നാൽ നിലവിൽ യമുനയിലെ ജലനിരപ്പ് അപകടകരമായ നിലയിലല്ല. ഡൽഹി- നോയിഡ പാതയിലെ മയൂർ വിഹാറിൽ റോഡരികിൽ മൂവായിരത്തോളം പേരാണ് ഉള്ളത്.
ഹരിയാന ഹത്നികുണ്ഡ് ബാരേജിൽ നിന്ന് വെള്ളം തുറന്നു വിട്ടതും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ തുടരുന്ന മഴയുമാണ് യമുനാ നദി കരകവിഞ്ഞൊഴുകാൻ കാരണമായത്. മയൂർ വിഹാറിൽ 3000 പേരെ വെള്ളപ്പൊക്കം ബാധിച്ചു.