രൂപേഷിനെതിരേ യുഎപിഎ: സുപ്രീംകോടതി നോട്ടീസയച്ചു
Saturday, August 13, 2022 2:59 AM IST
ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേയുള്ള കേസുകളിൽ യുഎപിഎ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു.
രൂപേഷിനോട് സെപ്റ്റംബർ 19നകം മറുപടി നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. വളയം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്ന മൂന്നു കേസുകളിൽ രൂപേഷിനെതിരായ യുഎപിഎ വകുപ്പുകൾ പുനഃ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കേസുകളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ അല്ല ഹൈക്കോടതി നടപടിയെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി.
നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച് 2013ൽ കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ രണ്ടു കേസിലും, 2014ൽ വളയം പോലീസ് സ്റ്റേഷനിൽ ഒരു കേസിലുമാണ് രൂപേഷിനെതിരേ യുഎപിഎ നിയമം ചുമത്തിയിരുന്നത്.
എന്നാൽ യുഎപിഎ അഥോറിറ്റിയിൽനിന്ന് പ്രോസിക്യുഷൻ അനുമതി കൃത്യസമയത്ത് ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി രൂപേഷ് നൽകിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾ, ഡിവിഷൻ ബെഞ്ചുകൾ അനുകൂല ഉത്തരവുകൾ പുറപ്പെടുവിക്കുകയായിരുന്നു.