മോദി ഇനി പ്രധാനമന്ത്രിയാകില്ല: നിതീഷ്
Thursday, August 11, 2022 1:43 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2014ൽ വിജയിച്ച മോദി 2024ൽ തിരിച്ചുവരില്ലെന്ന് ബിജെപി സഖ്യം ഉപേക്ഷിച്ച് എട്ടാം തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു തൊട്ടുപിന്നാലെ നിതീഷ് പറഞ്ഞു.
“2014ൽ വന്ന വ്യക്തി 2024ൽ വിജയം നേടുമോയെന്നതാണ് ചോദിക്കേണ്ടത്’’- പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന പത്രലേഖകരുടെ ചോദ്യത്തിനു മറുപടിയായാണ് നിതീഷിന്റെ മോദിക്കെതിരേയുള്ള പരിഹാസം. താൻ ഒന്നിനുവേണ്ടിയും ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ഐക്യത്തിനുവേണ്ടി താൻ പ്രവർത്തിക്കുമെന്നും ജെഡിയു നേതാവായ നിതീഷ് കുമാർ പറഞ്ഞു. ബിജെപിയെ കേന്ദ്രഭരണത്തിൽനിന്നു പുറത്താക്കുകയാണു ലക്ഷ്യം. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ പാർട്ടി കൂട്ടായാണു തീരുമാനിച്ചത്. താൻ തുടരുമോ ഇല്ലയോ എന്നതിനെക്കുറിച്ച് അവർക്കു തോന്നിയതു പറയട്ടെ. ഏതായാലും 2014ൽ ഇനി ജീവിക്കില്ലെന്ന് നിതീഷ് പരിഹസിച്ചു. രാജ്യം ചെയ്യേണ്ടതിനാണ് ബിഹാർ മാതൃക കാട്ടിയതെന്ന് ഉപമുഖ്യമന്ത്രി തേജസ്വി പറഞ്ഞു.
ജെഡിയുവും ഹിന്ദുസ്ഥാൻ അവാം മോർച്ചയും മാത്രമല്ല ബിജെപിയിൽനിന്ന് അകലണമെന്നു തന്നോടു പറഞ്ഞിരുന്നത്. ആർജെഡി, കോണ്ഗ്രസ്, സിപിഐ-എംഎൽ, സിപിഎം, സിപിഐ എന്നീ പാർട്ടികളും ഇതുതന്നെയാണു പറയുന്നത്. ഇപ്പോൾ മഹാസഖ്യത്തിൽ ഏഴു പാർട്ടികളുണ്ടെന്നും നിതീഷ് പറഞ്ഞു.