ഭീമ കൊറേഗാവ് കേസ്: വരവര റാവുവിന് ജാമ്യം
Thursday, August 11, 2022 1:43 AM IST
ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന് സുപ്രീംകോടതി സ്ഥിരം ജാമ്യം അനുവദിച്ചു.
പ്രായവും മോശം ആരോഗ്യാവസ്ഥയും കണക്കിലെടുത്താണ് ജസ്റ്റീസുമാരായ യു.യു. ലളിത്, അനിരുദ്ധ ബോസ്, സുധാംശു ധുലിയ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ജാമ്യം അനുവദിച്ചത്. ആരോഗ്യാവസ്ഥ പരിഗണിച്ച് സ്ഥിരം ജാമ്യം അനുവദിക്കണമെന്നും സ്വന്തം വീട്ടിൽ കഴിയാൻ അനുവദിക്കണമെന്നുമുള്ള ആവശ്യം ബോംബെ ഹൈക്കോടതി നിരാകരിച്ചതിനെത്തുടർന്നാണ് വരവര റാവു സുപ്രീംകോടതിയെ സമീപിച്ചത്. 82 വയസുള്ള റാവു രണ്ടര വർഷക്കാലം തടവിൽ കഴിഞ്ഞതുംകൂടി പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.