എഫ്സിആർഎ നിയമങ്ങളിൽ വിട്ടുവീഴ്ച; ആദായ നികുതി വകുപ്പിനു വിമർശനം
Wednesday, August 10, 2022 1:13 AM IST
ന്യൂഡൽഹി: ചാരിറ്റബിൾ ട്രസ്റ്റുകളും സ്ഥാപനങ്ങളും സ്വീകരിക്കുന്ന വിദേശസംഭാവനകൾ പരിശോധിക്കുന്നതിനുള്ള സംവിധാനം രൂപീകരിക്കാത്തതിൽ ആദായനികുതി വകുപ്പിനെ വിമർശിച്ച് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി).
ചാരിറ്റബിൾ സ്ഥാപനങ്ങൾ വിനിയോഗിക്കുന്ന വിദേശ സംഭാവനകളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന ഡാറ്റാ ഷെയറിംഗ് സംവിധാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് വികസിപ്പിക്കാത്തതിലാണ് സിഎജിയുടെ വിമർശനം.
വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന് ആവശ്യമായ എഫ്സിആർഎ രജിസ്ട്രേഷൻ നേടിയിട്ടില്ലാത്ത 35 ചാരിറ്റബിൾ ട്രസ്റ്റുകൾ അഥവാ സ്ഥാപനങ്ങളുടെ വിവരങ്ങൾ സിഎജി റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.
രജിസ്ട്രേഷൻ യോഗ്യതകൾ നേടാത്തതിനു പുറമേ വിദേശ സംഭാവനകൾക്കു ശരിയായി ഇൻകം ടാക്സ് റിട്ടേണ്‍സ് ഫയൽ ചെയ്യാത്തതും എഫ്സിആർഎ അംഗീകാരമില്ലാത്ത മറ്റു സ്ഥാപനങ്ങൾക്ക് അനധികൃതമായി ഫണ്ട് പങ്കുവയ്ച്ചതുമായുള്ള നിയമലംഘനങ്ങളും സിഎജി റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നുണ്ട്.
ഇത്തരത്തിൽ ചാരിറ്റബിൾ സ്ഥാപനങ്ങൾക്ക് നൽകിയ ഇളവുകളിലൂടെ പൊതുഖജനാവിന് നികുതിയിനത്തിൽ 182.10 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സിഎജിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
വിദേശ സംഭാവനകൾ സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ സാന്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യുന്നതിന് ആദായ നികുതി വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് ഡാറ്റാ ഷെയറിംഗ് സംവിധാനം രൂപീകരിക്കണമെന്ന് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി 2018ൽ ശിപാർശ ചെയ്തിരുന്നു. സ്വീകരിച്ച വിദേശ സംഭാവനകളുടെ വിനിയോഗവും നിരീക്ഷിക്കുന്നതിന് കമ്മിറ്റി മാർഗനിർദേശങ്ങൾ നൽകിയിരുന്നു.